പണംതട്ടിയ യുവാക്കൾ പിടിയിൽ
1601884
Wednesday, October 22, 2025 7:04 AM IST
പാറശാല: കഴക്കുട്ടം - കാരോട് ബൈപാസ് ഹൈവേയില്‍ ചെങ്കവിളയില്‍ സ്കൂട്ടര്‍ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി 15,000 രൂപയും വിലകൂടിയ വാച്ചും കൈക്കലാക്കിയ കേസില്‍ യുവാക്കൾ അറസ്റ്റിൽ. അയിര ചൂരക്കുഴി റോഡരികത്ത് വീട്ടില്‍ ബിബിൻ (27), കാരോട് അയിര മാവുവിള വീട്ടില്‍ സുജന്‍ (26) എന്നിവരെയാണ് പൊഴിയൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
14നു രാത്രി പതിനൊന്നരയോടെ സ്കൂട്ടർ യാത്രികരായ വിദ്യാർഥികളെ ബിബിനും സുജനും ചേർന്നു തടഞ്ഞുനിർത്തുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. പണം നൽകാൻ വിസമ്മതിച്ചതിനാൽ വിദ്യാർഥികലെ ഭീഷണിപ്പെടുത്തി ഇരുവരും ധരിച്ചിരുന്ന വാച്ച് അഴിച്ചു വാങ്ങുകയായിരുന്നു.
ആവശ്യപ്പെട്ട പണം വിദ്യാർഥികളുടെ കൈവശമില്ലാതിരുന്നതിനാൽ അടുത്തുള്ള എടിമ്മിൽ കൊണ്ടുപോയി പണം പിൻവലിപ്പിച്ച് തട്ടിയെടുക്കുകയുമായിരുന്നു. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു.