കഴക്കൂട്ടത്തെ പീഡനം: പ്രതിയെ യുവതി തിരിച്ചറിഞ്ഞു
1601574
Tuesday, October 21, 2025 6:34 AM IST
കഴക്കൂട്ടം: ഐടി ജീവനക്കാരിയായ യുവതിയെ ഹോസ്റ്റൽ മുറിയിൽ കയറി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതിയെ യുവതി തിരിച്ചറിഞ്ഞു. ട്രക്ക് ഡ്രൈവറും മധുര സ്വദേശിയുമായ ബെഞ്ചമിൻ (35) ആണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്.
സംഭവത്തിനുശേഷം തമിഴുനാട്ടിലേക്കു കടന്ന പ്രതിയെ ഞായറാഴ്ച കഴക്കൂട്ടം പോലീസും ഡാൻസാഫ് സംഘവും ചേർന്നാണു മധുരയിൽനിന്നും പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തുടർന്ന് കൂടുതൽ തെളിവെടുപ്പിനും ചോദ്യം ചെയ്യുന്നതിനുമായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് പറഞ്ഞു.
ഹോസ്റ്റലിലെ ബലാത്സംഗത്തിന് മുൻപ് സമീപത്തെ മൂന്നു വീടുകളിൽ പ്രതി മോഷണശ്രമം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. സിസിടിവിയിൽ പ്രത്യക്ഷപ്പെടാതിരിക്കാൻ ഒരു വീട്ടിൽനിന്ന് കുടയെടുത്തു മുഖം മറച്ചായിരുന്നു ഹോസ്റ്റലിൽ കയറിയത്. മറ്റുരണ്ടു വീടുകളിൽ നിന്നായി തൊപ്പിയും ഹെഡ് ഫോണും എടുത്തിരുന്നു.
തമിഴ്നാട്ടിൽ ബഞ്ചമിന് നിരവധി കേസുകളുണ്ടെന്നു കഴക്കൂട്ടം പോലീസ് പറഞ്ഞു. വിവരങ്ങൾ ശേഖരിച്ചു വരുന്നുണ്ട്. തെരുവിൽ ഉറങ്ങുന്ന സ്ത്രീകളെ ഉപദ്രവിക്കുന്നത് ഇയാളുടെ സ്ഥിരം രീതിയാണ്. കഴിഞ്ഞ വെള്ളിയാഴ്ച വെളുപ്പിനു രണ്ടു മണിയോടുകൂടിയാണ് കഴക്കൂട്ടത്ത് യുവതി താമസിക്കുന്ന ഹോസ്റ്റൽ മുറിയിൽ കയറി പീഡനം നടത്തിയത്. ഹോസ്റ്റലിൽ സിസി കാമറ ഇല്ലാത്തതിനാൽ പ്രതിയെപ്പറ്റി യാതൊരു വിവരവും പോലീസിനു ലഭിച്ചിരുന്നില്ല.
തുടർന്ന് പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ പി. അനിൽകുമാറിന്റെ നേതൃത്വത്തിൽ കഴക്കൂട്ടം, തുമ്പ, പേരൂർക്കട സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ, സിറ്റി ഡാൻസ് ഓഫ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.