വൈദ്യുത ശ്മശാനം തകരാറിലായിട്ട് രണ്ടു വർഷം
1601321
Monday, October 20, 2025 7:01 AM IST
മാറനല്ലൂർ: വൈദ്യുതശ്മശാനം തകരാറിലായിട്ട് രണ്ടു വർഷമായിട്ടും ശരിയാക്കിയെടുക്കാനുള്ള നടപടി എങ്ങുമെത്തിയില്ല. വാതകശ്മശാനത്തിന്റെ പ്രവർത്തനം മാത്രമാണ് ഇപ്പോൾ മാറനല്ലൂരിലെ പൊതുശ്മശാനത്തിൽ നടക്കുന്നത്. വൈദ്യുതശ്മശാനം തകരാറിലായത് സംസ്കാരത്തിനായി എത്തുന്നവരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്.
ഇതു തകരാറിലായിട്ട് രണ്ടു വർഷം പിന്നിട്ടെങ്കിലും അറ്റകുറ്റപ്പണികൾ നടത്താൻ പഞ്ചായത്തധികൃതർ തയ്യാറാകുന്നില്ല. ഒരു മൃതദേഹം സംസ്കരിക്കുന്നതിന് രണ്ടു മണിക്കൂർ വേണ്ടിവരും. ഒരു ദിവസം അഞ്ചിൽക്കൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയില്ല. കൂടുതൽ മൃതദേഹങ്ങൾ സംസ്കരിക്കേണ്ട സാഹചര്യം വന്നാൽ മറ്റെവിടെയെങ്കിലും പോകേണ്ട അവസ്ഥയാണുള്ളത്.
കഴിഞ്ഞ ദിവസങ്ങളിൽ മാറനല്ലൂരിലെ പൊതുശ്മശാനത്തിൽ പത്തിൽ കൂടുതൽ മൃതദേഹങ്ങളാണ് സംസ്കാരത്തിനായി എത്തിച്ചത്. പലർക്കും തൈക്കാട് ശാന്തികവാടത്തിലേക്ക് മൃതദേഹങ്ങൾ കൊണ്ടുപോകേണ്ടിവന്നു. പഞ്ചായത്തിലെ മലവിള കുക്കിരിപാറയ്ക്കു സമീപം ഒരേക്കർ അറുപതിയഞ്ച് സെന്റ് സ്ഥലത്താണ് വൈദ്യുതശ്മശാനം 2020 ൽ പ്രവർത്തനം തുടങ്ങിയത്.
കോവിഡ് കാലത്ത് മൃതദേഹങ്ങൾ സംസ്കരിക്കാൻ കഴിയാതെവന്നതു കാരണമാണ് വൈദ്യുതശ്മശാനത്തോടൊപ്പം വാതകശ്മശാനവും പ്രവർത്തനം തുടങ്ങിയത്. ജില്ലാപ്പഞ്ചായത്തിന്റെ ഫണ്ടും പഞ്ചായത്തിന്റെ തനത് ഫണ്ടും ചേർത്ത് വാതകശ്മശാനം പ്രവർത്തനമാരംഭിച്ചു. വാതകശ്മശാനത്തിന്റെ പ്രവർത്തനം തുടങ്ങി ആഴ്ചകൾ പിന്നിട്ടപ്പോൾത്തന്നെ വൈദ്യുതശ്മശാനം തകരാറിലായി. മെഷീനുകൾക്ക് കേടുപാട് സംഭവിച്ചതു കാരണം അറ്റകുറ്റപ്പണികൾ നടത്തുന്നതിന് ഭീമമായ തുക വേണ്ടിവരും.
അതു കണ്ടെത്താൻ കഴിയാത്തതിനാലാണ് വൈദ്യുതശ്മശാനം പ്രവർത്തിപ്പിക്കാൻ കഴിയാതെപോകുന്നതെന്നാണ് പഞ്ചായത്തധികൃതർ പറയുന്നത്. മാറനല്ലൂരിൽ പൊതുശ്മശാനം യാഥാർഥ്യമായത് നാട്ടുകാർക്കും സമീപ പഞ്ചായത്തുകളിലുള്ളവർക്കും ഏറെ ആശ്വാസമായിരുന്നു. സംസ്കാരം നടത്താനെത്തുമ്പോൾ കാത്തിരിക്കേണ്ടിവരുന്നതും മടങ്ങിപ്പോകേണ്ടിവരുന്നതും ഒഴിവാക്കാൻ വൈദ്യുതശ്മശാനത്തിന്റെ പ്രവർത്തനംകൂടി ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.