പൂവച്ചല്‍ റോഡ് നവീകരണം പൂര്‍ത്തിയായി
1461137
Tuesday, October 15, 2024 1:20 AM IST
നെടുമങ്ങാട്: തകർന്ന് കിടന്ന നെടുമങ്ങാട് നെട്ടിറച്ചിറ വെള്ളനാട് പൂവച്ചല്‍ റോഡ് നവീകരണം പൂര്‍ത്തിയായി. നവീകരിച്ച റോഡ് 24ന് മന്ത്രി മുഹമ്മദ് റിയാസ് നാടിന് സമര്‍പ്പിക്കും.
ജി.സ്റ്റീഫൻ എംഎൽഎ അധ്യക്ഷനാകും. വര്‍ഷങ്ങളായി തകര്‍ന്ന് തരിപ്പണമായി കിടക്കുകയായിരുന്നു റോഡ് . നെട്ടറച്ചിറയില് തുടങ്ങി പൂവച്ചലില്‍ അവസാനിക്കുന്ന 12കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡാണ് ശബരിമല പാക്കേജില്‍ ഉള്‍പ്പെടുത്തി 12 കോടി ചെലവിട്ട് നവീകരിച്ചത്.
കുറിഞ്ചിലക്കോട്, കൂവക്കുടി, വെള്ളനാട്, ഉറിയക്കോട്, കൊണ്ണിയൂര്‍, ഉണ്ടപ്പാറ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വലിയ കുഴികളും വെള്ളക്കെട്ടുകളുമായിരുന്നു. നിരവധി പേര്‍ക്കാണ് കുഴികളില്‍ വീണ് അപകടങ്ങള്‍ സംഭവിച്ചിരുന്നത്. അഞ്ചുവര്‍ഷത്തിനിടെ പലവട്ടം അറ്റകുറ്റപ്പണികള്‍ നടത്തുകയും കുഴികള്‍ അടയ്ക്കുകയും ചെയ്തു. എങ്കിലും പ്രശ്നത്തിന് ശാശ്വതമായ പരിഹാരം ഉണ്ടായത് ഇപ്പോഴാണ്. നെടുമങ്ങാട് അരുവിക്കര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട റോഡ് ആണ് ഇത്.