കാമുകനെ വിഷം നൽകി കൊലപ്പെടുത്തിയ കേസ് : വിചാരണ 15ന് ആരംഭിക്കും
1459078
Saturday, October 5, 2024 6:28 AM IST
വെള്ളറട: കാമുകനായ യുവാവിന് കഷായത്തില്‍ വിഷം നല്കി യുവതി കൊലപ്പെടുത്തിയ കേസിലെ വിചാരണ ഈ മാസം 15ന് തുടങ്ങും.
പാറശാല സമുദായപ്പറ്റ് ജെ.പി.ഭവനില്‍ ഷാരോണ്‍ രാജായിരുന്നു കൊല്ലപ്പെട്ടത്. കേസിലെ ഒന്നാം പ്രതിയായിരുന്നു പൂമ്പള്ളിക്കോണം ശ്രീനിലയത്തില്‍ ഗ്രീഷ്മ (23). പ്രതിയുടെ മാതാവ് സിന്ധു, അമ്മാവന് നിര്‍മല്‍ കുമാര്‍ എന്നിവരാണ് മറ്റു രണ്ട് പ്രതികള്‍.
തട്ടിക്കൊണ്ടു പോകല്‍, ഭക്ഷണത്തിൽ വിഷം നല്കി അപായപ്പെടുത്തല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, തെറ്റിദ്ധരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചിരുന്നു.
കൊലപ്പെടുത്തണമെന്ന ഉദേശത്തോടെ ഷാരോണ്‍ രാജിനെ പ്രലോഭിപ്പിച്ച് 2022 ഒക്ടോബര്‍ 14ന് രാവിലെ വീട്ടില്‍ വിളിച്ചു വരുത്തി കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്.