കടയിൽ കയറി ജീവനക്കാരിയുടെ മാല കവർന്നയാളെ പിടികൂടി
1454119
Wednesday, September 18, 2024 6:24 AM IST
വിഴിഞ്ഞം: സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിൽ എത്തി ജീവനക്കാരിയുടെ കഴുത്തിൽ കിടന്ന സ്വർണ മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചയുവാവിനെ പിടികൂടി. നാട്ടുകാരും പോലീസും ചേർന്നാണ് ഇയാളെ ഓടിച്ച് പിടികൂടിയത്.
ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ച ബൈക്കും പോലീസ് കണ്ടെടുത്തു. വിഴിഞ്ഞം ഉച്ചക്കട പുളിങ്കുടി റോഡിൽ കടനടത്തുന്ന പുളിങ്കുടി സ്വദേശി മിനി കുമാരി (52) യുടെ മാലയാണ് പൊട്ടിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് തേങ്ങാപ്പട്ടണം സ്വദേശി ആഷിക് റഹ്മാൻ (25) നെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. കടയിൽ നിൽക്കുകയായിരുന്ന മിനികുമാരിയോട് കവർ പാൽ ആവശ്യപ്പെട്ടായിരുന്നു പ്രതിയെത്തിയത്.
പാൽ എടുക്കുന്നതിനിടയിൽ മാല പൊട്ടിക്കുകയായിരുന്നു. ജീവനക്കാരി ബഹളം വച്ചതിനെതുടർന്ന് നാട്ടുകാരും സമീപത്ത് പട്രോളിംഗിന് ഉണ്ടായിരുന്ന പോലീസും ഓടിയെത്തി. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ ബലം പ്രയോഗിച്ച് നാട്ടുകാർ പിടികൂടുകയായിരുന്നു. മെഡിക്കൽ കോളജിന് സമീപത്തെ ഒരു ചായക്കടയിലെ ജീവനക്കാരനാണ് പ്രതിയെന്ന് വിഴിഞ്ഞം പോലീസ് അറിയിച്ചു.