ഒരു വട്ടം കൂടി ആ പഴയ വിദ്യാലയത്തില്‍...
1452233
Tuesday, September 10, 2024 6:40 AM IST
നെയ്യാറ്റിന്‍കര : ഓർമകൾ പെയ്തൊഴിയാത്ത വിദ്യാലയമുറ്റത്തെ മുത്തശ്ശിമാവിൻ ചോട്ടിൽ അവര്‍ വീണ്ടും കുഞ്ഞുപിള്ളേരായി ഒത്തുകൂടി. ഊഞ്ഞാലാടിയും വടംവലിച്ചും കസേര ചുറ്റിയുമൊക്കെ ഒരുമയുടെ സന്തോഷ മുഹൂര്‍ത്തങ്ങള്‍ തീര്‍ത്തു. പാട്ടുപാടിയും കഥ പറഞ്ഞും സദ്യയുണ്ടും വിശേഷങ്ങള്‍ പങ്കു വച്ചു.
മാരായമുട്ടം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ 1986 ലെ എസ്എസ്എല്‍സി ബാച്ചിലെ പഴയ വിദ്യാര്‍ഥികളാണ് ഓണാഘോഷങ്ങളുടെ ഭാഗമായി പൂര്‍വവിദ്യാലയത്തില്‍ ഒത്തുചേര്‍ന്നത്.
വിവിധ കര്‍മ മേഖലകളിലുള്ള സഹപാഠികള്‍ വിദ്യാലയാനുഭവങ്ങളിലൂടെയും ജീവിതവര്ത്തമാനങ്ങളിലൂടെയും ആഘോഷം കൂടുതല്‍ സ്മൃതിമധുരമാക്കിത്തീര്ത്തു. കുടുംബസമേതമാണ് പൂര്‍വ വിദ്യാര്‍ഥികള്‍ എത്തിയത്.