ആയിരങ്ങൾ പങ്കെടുത്ത് പെരുന്നാൾ നമസ്ക്കാരങ്ങൾ
1415773
Thursday, April 11, 2024 6:20 AM IST
കോവളം : വിഴിഞ്ഞം തെക്കുംഭാഗം ജമാഅത്ത് വലിയ പള്ളിയിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിൽ ആയിരങ്ങൾ പങ്കെടുത്തു. ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ രാവിലെ 8.30ന് നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ചീഫ് ഇമാം അബ്ദുൽ സത്താർ ബാഖവി നേതൃത്വം നൽകി.
രണ്ട് റക്കഅത്ത് പെരുന്നാൾ നമസ്കാരത്തിന് പിന്നാലെ ഖുത്തുബ പ്രസംഗത്തിനും ദുആക്കും ശേഷം പരസ്പരം ഹസ്തദാനം നടത്തിയും ആലിംഗനം ചെയ്തും പെരുന്നാൾ ആശംസകൾ കൈമാറിയാണ് വിശ്വാസികൾ വീടുകളിലേക്ക് മടങ്ങിയത്.
സമീപ ജമാഅത്തുകളായ വിഴിഞ്ഞം സെൻട്രൽ ജുംആ മസ്ജിദിലും വിഴിഞ്ഞം വടക്കേ ഭാഗം ജുംആ മസ്ജിദിലും രാവിലെ എട്ടിനു നടന്ന പെരുന്നാൾ നമസ്ക്കാരങ്ങളിലും നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.
വടക്കേ ഭാഗം ജമാഅത്ത് പള്ളിയിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ചീഫ് ഇമാം മുഹമ്മദ് ഖാലിദ് അൽകൗസരിയും സെൻട്രൽ ജുംആ മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്ക്കാരത്തിന് ചീഫ് ഇമാം ഷഹീറുദ്ദീൻ മന്നാനിയും നേതൃത്വം നൽകി.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിഴിഞ്ഞം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിഴിഞ്ഞം ആശുപത്രിക്ക് സമീപത്തെ ഈദ് ഗാഹിൽ രാവിലെ 7.15 ന് സംഘടിപ്പിച്ച പെരുന്നാൾ നമസ്കാരത്തിലും നിരവധി വിശ്വാസികൾ പങ്കെടുത്തു. സലഫി മസ്ജിദ് ചീഫ് ഇമാം സക്കീർ ഹുസെെൻ മൗലവി പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.