മനം കവര്‍ന്ന് ഉണ്ണിക്കണ്ണന്മാര്; നഗരം അമ്പാടിയായി
1591826
Monday, September 15, 2025 6:34 AM IST
തിരുവനന്തപുരം: പാല്പുഞ്ചിരി തൂകി കുഞ്ഞു കുസൃതിത്തരങ്ങളും കാട്ടി പിച്ചവച്ച് ഉണ്ണിക്കണ്ണന്മാര് നടന്നു നിങ്ങിയപ്പോള്‍ അനന്തപുരി നിറയെ അമ്പാടിചന്തം. കളിത്തോഴരായ ഗോപാലന്മാരും ഗോപികമാരും കൂടെ കൂടിയതോടെ കുസൃതിത്തരങ്ങളുമായി കുണുങ്ങി കുണുങ്ങി നടന്ന ഉണ്ണിക്കണ്ണന്മാരെ നഗരം സ്നേഹത്തോടെ നോക്കി നിന്നു.
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ശോഭായാത്രയിലാണ് ബാലന്മാര് ഉണ്ണിക്കണ്ണന്റെ വേഷം ധരിച്ച് കാഴ്ചയുടെ വിരുന്നൊരുക്കിയത്. കുചേലന്മാര് , ഹൈന്ദവ പുരാണ ഇതിഹാസങ്ങളിലെ വിവിധ കഥാപാത്രങ്ങളുടെ വേഷം ധരിച്ച കുട്ടികളും താളമേളങ്ങള്‍ക്കൊപ്പം ശോഭായാത്രയില്‍ അണിനിരന്നു.
ഉച്ചകഴിഞ്ഞ് മൂന്നോടെ മ്യൂസിയം, പിഎംജി, എല്‍എംഎസ്, ബേക്കറി ജംഗ്ഷന്, പാളയം തുടങ്ങിയ സ്ഥലങ്ങളില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ നിന്നുള്ള ഉപശോഭായാത്രകള്‍ ഒത്തുകൂടി. തുടര്‍ന്ന് പാളയം മഹാഗണപതി ക്ഷേത്രത്തിന് മുന്നില്‍ സംഗമിച്ച് അവിടെ നിന്നും വൈകുന്നേരം അഞ്ചോടെ മഹാ ശോഭായാത്രയായി എം.ജി റോഡിലൂടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ മഹാ ആരതിയോടെ സമാപിച്ചു.
തുടര്‍ന്ന് ആറ്റുകാല്‍ ദേവീ ക്ഷേത്ര ട്രസ്റ്റ് ഒരുക്കിയ അവല്‍പ്പൊതിയും ഉണ്ണിയപ്പവും പ്രസാദമായി ശോഭായാത്രയില്‍ പങ്കെടുത്ത ഉണ്ണിക്കണ്ണന്മാര്ക്കും ഗോപികമാര്‍ക്കും വിതരണം ചെയ്തു. 'ഗ്രാമം തണലൊരുക്കട്ടെ ബാല്യം സഫലമാകട്ടെ' എന്ന സന്ദേശം മുന്‍ നിര്‍ത്തിയാണ് നാടെങ്ങും ഇക്കുറി ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്.
മഹാശോഭായാത്ര രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായി ഉദ്ഘാടനം ചെയ്തു. ബാലഗോകുലം മഹനഗര്‍ അധ്യക്ഷന്‍ പ്രൊഫ. ടി.എസ് രാജന് അധ്യക്ഷനായി. സംസ്ഥാന അധ്യക്ഷന്‍ ആര്.പ്രസന്നകുമാര്‍ ശ്രീകൃഷ്ണ ജയന്തി സന്ദേശം നല്കി.
കാട്ടാക്കട: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ശോഭായാത്രകൾ ഗ്രാമങ്ങളെ ആഘോഷത്തിലാക്കി. കാട്ടാക്കട മണ്ഡലത്തിന്റെ ശോഭായാത്ര കാട്ടാക്കടയിൽനിന്ന് ആരംഭിച്ച് ശ്രീകൃഷ്ണപുരത്ത് സമാപിച്ചു.
പൂവച്ചലിൽ രണ്ട് മണ്ഡലങ്ങളായി ഘോഷയാത്ര നടന്നു. ആലമുക്കിൽനിന്ന് പൂവച്ചൽ ധർമശാസ്താക്ഷേത്രത്തിലേക്കും ഉറിയാക്കോടുനിന്ന് കൊണ്ണിയൂർ ഭഗവതിക്ഷേത്രത്തിലേക്കുമായിരുന്നു ശോഭായാത്രകൾ. വീരണകാവ് മണ്ഡലത്തിന്റെ ശോഭായാത്ര മൈലോട്ടുമൂഴി ഗണപതിക്ഷേത്രത്തിലും കള്ളിക്കാട് മണ്ഡലത്തിന്റേത് മൈലക്കര ദേവീക്ഷേത്രത്തിൽനിന്ന് ആരംഭിച്ച് തേവൻകോട് അധ്യാത്മ ചിന്താലയ ആശ്രമത്തിലും പ്ലാവൂർ മണ്ഡലത്തിന്റേത് മംഗലയ്ക്കൽനിന്നും ആരംഭിച്ച് തൃക്കാഞ്ഞിരപുരം മഹാദേവക്ഷേത്രത്തിലും സമാപിച്ചു.
കുറ്റിച്ചൽ, പരുത്തിപ്പള്ളി എന്നിവിടങ്ങളിലും ശോഭായാത്രകൾ നടന്നു. ശ്രീകൃഷ്ണജയന്തി മലയോര ഗ്രാമങ്ങളിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ നടന്നു. പട്ടണങ്ങളിലും, കവലകളിലും, അമ്പലങ്ങളിലും ശ്രീകൃഷ്ണ വിഗ്രഹം അലങ്കരിച്ചു പന്തൽ കെട്ടി ആഘോഷത്തിന് തിരി തെളിഞ്ഞു. രാവിലെ വിശേഷാൽ പൂജകളും, ആർച്ചനകളും, നടന്നു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളിൽ രാത്രി പന്ത്രണ്ട് മണിവരെ പൂജകളും, കലാ പരിപാടികളും നടന്നു.
കാട്ടാക്കട പെരുംകുളത്തൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭഗവാന്റെ ജന്മ ദിന സദ്യ ഒരുക്കി. ഉറിയടി, സംഗീതാർച്ചന, കലശ പൂജ, കലശഭിഷേകം, വിശേഷാൽ പൂജ എന്നിവയും നടന്നു. കരിപ്പൂര്‍, കുഴയ്ക്കാട് ദേവീക്ഷേത്രം, ആൽത്തറ ദേവീക്ഷേത്രം, അന്തിയൂർക്കോണം എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകൾ മലയിൻകീഴ് ജംഗ്ഷനിൽ സംഗമിച്ച് മഹാശോഭായാത്രയായി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ സമാപിച്ചു.
പാറശാല: ബാലഗോകുലം പാറശാല മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ പാറശാലയിലെ വിവിധയിടങ്ങില്‍ നിന്നെത്തിയ ശോഭായാത്രകള്‍ മഹാദേവര്‍ ക്ഷേത്ര ത്തില്‍ സംഗമിച്ച് മഹാശോഭായാത്രയായി പാറശാല ടൗണ്‍ ചുറ്റി മഹാദേവര്‍ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ സമാപിച്ചു. അയിര മണ്ഡലത്തില്‍ ചെങ്കവിള നാഗയക്ഷിയമ്മന് ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച ശോഭായാത്ര അയിര ശ്രീധര്‍മ്മശാസ്താ ക്ഷേത്രസന്നിധിയില്‍ സമാപിച്ചു.
കുന്നത്തുകാല്മണ്ഡലത്തില് ചെഴുങ്ങാനൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നും മാണിനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം വരെ ശോഭായാത്ര സംഘടി പ്പിച്ചു.ചെറിയ കൊല്ലമണ്ഡലത്തില് ചെറിയകൊല്ല പിറന്തൂര്‍ മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് തോലടി അണ്ടൂര്‍ കണ്ഠന് ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ സമാപനം നടന്നു.
മണവാരി മണ്ഡലത്തിലെ ശോഭായാത്ര ആനാവൂര്‍ കോഴിക്കോട് ഗുരുമന്ദിരത്തില്‍ നിന്നും ആരംഭിച്ച് പാലിയോട് ആഴാംകുളം ശ്രീധര്‍മ്മശാസ്താ ക്ഷേത്രസന്നിധിയില്‍ സമാപിച്ചു.
വെള്ളറട മണ്ഡലം ശോഭായാ ത്ര പൊട്ടന്‍ചിറ ദേവീക്ഷേത്രത്തില്‍ നിന്നും തുടങ്ങി വെള്ളറട ടൗണ്‍ വഴി ലോകനാഥ ക്ഷേത്രത്തില്‍ സമാപിച്ചു.കിളിയൂര്‍ മണ്ഡലത്തില്‍ മുള്ളിലവുവിള ജംഗ്ഷന് മുതല്‍ കരിക്കാമന്‍കോട് ദേവീക്ഷേത്രം വരെയായിരുന്നു ബാലികാ ബാലന്മാര് അണിനിരന്ന ശോഭായാത്ര .ചെമ്പൂര് മണ്ഡലം ശോഭായാത്ര ഇടവാല്‍ പാറയില്‍ ദേവീ ക്ഷേത്രത്തില്‍ നിന്നും ആരംഭിച്ച് ഒറ്റശേഖരമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ സമാപനമായി.
ആര്യങ്കോട് മണ്ഡലം ശോഭായാത്ര പഴിഞ്ഞിപ്പാറ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കീഴാറൂര്‍ ഫണമുഖം ഭദ്രകാളീക്ഷേത്രത്തിന് സമാപിച്ചു.അമ്പൂരി മണ്ഡലത്തില്‍ കുട്ടമല എസ്എന്‍ഡിപി ഹാളില്‍ നിന്നും ആരംഭിച്ച് അമ്പൂരി ശിവക്ഷേത്രത്തില്‍ സമാപിച്ചു.കള്ളിക്കാട് മണ്ഡലം ശോഭായാത്ര മൈലക്കര ദേവീക്ഷേത്രത്തില്‍ നിന്നും ആംരംഭിച്ച് ആലയില്‍ ചിന്താലയ ആശ്രമത്തില്‍ സമാപിച്ചു.
നെടുമങ്ങാട്: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നെടുമങ്ങാട്ട് വർണ ശബളമായ ഘോഷയാത്ര നടന്നു. നെടുമങ്ങാട് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര നഗരം ചുറ്റി മേലാംകോട് ദേവീക്ഷേത്രത്തിൽ സമാപിച്ചു.
നേമം: കല്ലിയുർ പഞ്ചായത്തിൽ ശാന്തിവിളയിൽ നിന്നും വേവിള ക്ഷേത്രം വരെയും പുന്ന മുട് നിന്ന് വേ വിള ക്ഷേത്രം വരെയും ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ശോഭായാത്ര നടന്നു. പള്ളിച്ചൽ പഞ്ചായത്തിൽ പ്രാവച്ചമ്പലം അരിക്കട മുക്ക് മുതൽ ഇടയ്ക്കോട് ക്ഷേത്രം വരെയും വലിയറത്തല മുതൽ ഗോവിന്ദമംഗലം വരെയും ശോഭായാത്ര നടന്നു.