തിരുവനന്തപുരത്തും കോഴിക്കോടും അന്താരാഷ്ട്ര കൊറിയർ കാർഗോ ടെർമിനലുകൾ പ്രവർത്തനസജ്ജം
1592031
Tuesday, September 16, 2025 6:20 AM IST
വലിയതുറ: തിരുവനന്തപുരത്തും കോഴിക്കോടും അന്താരാഷ്ട്ര കൊറിയർ കാർഗോ ടെർമിനലുകൾ സജ്ജമായി. തിരുവനന്തപുരം ശംഖുമുഖം എയർ കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ മന്ത്രി പി. രാജീവ് തിരുവനന്തപുരത്തെയും കോഴിക്കോടിലെയും ടെർമിനലുകൾ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം സോൺ സിജിഎസ്ടി ആൻഡ് കസ്റ്റംസ് ചീഫ് കമ്മീഷണർ ഷെയ്ഖ് ഖാദർ റഹ്മാൻ ടെർമിനലിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
കേരളത്തിന്റെ ആഗോള വ്യാപാര മത്സരക്ഷമത വർധിപ്പിക്കുന്നതിലും സംസ്ഥാനത്തിന്റെ വ്യാവസായിക വളർച്ചയെ പിന്തുണയ്ക്കുന്നതിലും ആധുനിക കൊറിയർ കാർഗോ സൗകര്യങ്ങൾ വഹിക്കുന്ന നിർണായക പങ്കിനെ മന്ത്രി പി. രാജീവ് അഭിനന്ദിച്ചു. തിരുവനന്തപുരത്ത് അന്താരാഷ്ട്ര കൊറിയർ ടെർമിനലിന് തത്വത്തിൽ അംഗീകാരം നൽകുന്നതിലൂടെ നൽകിയ പിന്തുണയ്ക്ക് കസ്റ്റംസ് വകുപ്പിനും മന്ത്രി നന്ദി പറഞ്ഞു.
ഇതു പ്രവാസി മലയാളികളുടെ കുടുംബങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന വിൽപ്പനക്കാർക്കുള്ള അതിർത്തി കടന്നുള്ള ഇ-കൊമേഴ്സ് പ്രോത്സാഹിപ്പിക്കുമെന്നും ചീഫ് കമ്മീഷണർ സിജിഎസ്ടി ആൻഡ് കസ്റ്റംസ് ഷെയ്ഖ് ഖാദർ റഹ്മാൻ പറഞ്ഞു.
സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് കൊച്ചി, കാലിക്കറ്റ്, തിരുവനന്തപുരം എന്നിവയുൾപ്പെടെ 13 അന്താരാഷ്ട്ര വിമാനത്താവളങ്ങളെ അന്താരാഷ്ട്ര കൊറിയർ ടെർമിനലുകളായി വിജ്ഞാപനം ചെയ്തിരുന്നു. കേരളത്തിൽ ഇതുവരെ കൊ ച്ചി വിമാനത്താവളത്തിൽ മാത്രമേ കൊറിയർ സൗകര്യം ലഭ്യമായിരുന്നുള്ളൂ. ഈ മൂന്ന് അന്താരാഷ്ട്ര കൊറിയർ ടെർമിനലുകളുടെയും സാന്നിധ്യം കേരളത്തിന്റെ വ്യാപാര അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും കാര്യക്ഷമമായ ആഗോള ലോജിസ്റ്റിക്സ് സുഗമമാക്കുകയും ചെയ്യും.
വ്യാവസായിക, വാണിജ്യ പുരോഗതിക്കുള്ള ഒരു കേന്ദ്രമെന്ന നിലയിൽ സംസ്ഥാനത്തിന്റെ പങ്ക് കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യും. എംഎൽഎമാരാ യ ആന്റണി രാജു, ടി.വി. ഇബ്രാഹിം, പി. അബ്ദുൾ ഹമീദ്, കെഎസ്ഐഇ ചെയർമാൻ പീലിപ്പോസ് തോമസ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.