രാമപുരം ലെയിന്‍ റോഡിലെ ഇന്റര്‍ലോക്കുകള്‍ തകര്‍ന്ന നിലയില്‍
1591578
Sunday, September 14, 2025 5:56 AM IST
പേരൂര്‍ക്കട: നഗരസഭയുടെ കിണവൂര്‍ വാര്‍ഡില്‍ ഉള്‍പ്പെടുന്ന രാമപുരം ലെയിന്‍ റോഡിലെ ഇന്റര്‍ലോക്കുകള്‍ തകര്‍ന്ന നിലയില്‍. നാലു വര്‍ഷത്തിനു മുമ്പാണ് ഇവിടെ ഇന്റര്‍ലോക്ക് സ്ഥാപിച്ചത്. പിന്നീട് അറ്റകുറ്റപ്പണി ഉണ്ടായിട്ടില്ല. നിരന്തരം ഊറ്റുവെള്ളം ഇറങ്ങുന്നതുകൊണ്ടാണ് ടാറിംഗ് ഒഴിവാക്കി 200 മീറ്ററോളം ദൂരത്തില്‍ ഇന്റര്‍ലോക്ക് ചെയ്തത്. ഇപ്പോള്‍ ടൈലുകള്‍ പൂര്‍ണമായി ഇളകിയ നിലയിലാണ്.
വയലിക്കടയില്നിന്ന് 400 മീറ്റര്‍ സഞ്ചരിച്ചശേഷം ഇന്റര്‍ലോക്ക് സ്ഥാപിച്ച ഈ ഇടറോഡിലൂടെയാണ് അമ്പലമുക്ക്, കുടപ്പനക്കുന്ന്, പേരൂര്‍ക്കട ഭാഗങ്ങളിലേക്കു സഞ്ചരിക്കാന്‍ സാധിക്കുന്നത്. വാഹനത്തിരക്കു കുറഞ്ഞ സ്ഥലമായതിനാല്‍ നിരവധി ഇരുചക്ര വാഹനയാത്രക്കാര്‍ ഈ പാത തെരഞ്ഞെടുക്കുന്നുണ്ട്. എന്നാല്‍ ടൈലുകള്‍ ഇളകിക്കിടക്കുന്നതിനാല്‍ വളവു തിരിഞ്ഞു മെയിന്‍ റോഡില്‍നിന്നു രാമപുരത്തേക്ക് പ്രവേശിക്കുമ്പോള്‍ വാഹനങ്ങള്‍ തെന്നിവീഴാനുള്ള സാധ്യത കൂടുതലാണ്.
നിരന്തരം ഇവിടെ വാഹനാപകടങ്ങള്‍ ഉണ്ടാകുന്നതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ടൈലുകള്‍ക്കിടയിലെ മിശ്രിതം ഇളകിയതോടെ വാഹനങ്ങള്‍ കയറുമ്പോള്‍ ടൈലുകള്‍ കുത്തനെ ഇളകിമറിയുന്നതായി വാഹനയാത്രികരും പറയുന്നു.
ടൈലുകള്‍ മറിഞ്ഞുകിടക്കുന്നതു കാണുന്നവരാണ് ഇതിനെ പൂർവാവസ്ഥയില്‍ വയ്ക്കുന്നത്. ഫണ്ട് ഇല്ലാത്തതിനാലാണ് ഇന്റര്‍ലോക്കിന്റെ അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കാത്തതെന്നാണ് അധികൃതര്‍ പറയുന്നത്.
രാത്രികാലങ്ങളില്‍ ഇന്റര്ലോക്കുകളില് കയറുന്ന വാഹനങ്ങള്‍ ചരിഞ്ഞുവീഴുന്നത് ഒഴിവാക്കാനാവശ്യമായ താല്‍ക്കാലിക നടപടിയെങ്കിലും വേണമെന്നാണ് ആവശ്യം.