തീരദേശമേഖലയ്ക്ക് ഭീഷണിയായി തെരുവു നായകൾ; അടിമലത്തുറയിൽ 10 പേർക്ക് കടിയേറ്റു
1592047
Tuesday, September 16, 2025 6:21 AM IST
വിഴിഞ്ഞം: തീരദേശത്തെ പേടിപ്പെടുത്തി വീണ്ടും തെരുവു നായ ആക്രമണം. അടിമലത്തുറയിൽ ഒറ്റ ദിവസം പത്തു പേർ നായകളുടെ ആക്രമണത്തിനിരയായി. പ്രശ്നം രൂക്ഷമാകുമ്പോഴും നടപടിയെടുക്കാനാകാതെ അധികൃതർ.
അടിമലത്തുറ സ്വദേശികളായ മേരി വിജയം (47), സന്തോഷ്കുമാർ (45), കൊച്ചുത്രേസ്യ (70), കൊച്ചു നാരായണൻ (58), വർഗീസ് (47), ജോഷിൻ (51), വിൻസി (32), ദാസ് (47), ഷിബു (27), പുല്ലുവിള സ്വദേശി വിൻസി (45) എന്നിവരാണു കഴിഞ്ഞ ദിവസം രാത്രിയിൽ തെരുവുനായകളുടെ ആക്രമത്തിനിരയായത്.
പുല്ലുവിള സർക്കാർ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഇക്കഴിഞ്ഞ മൂന്നും നാലും തീയതികളിലും പള്ളം, പുല്ലുവിള, കരിംകുളം, അടിമലത്തുറ തീരത്തെ വിറപ്പിച്ച തെരുവു നായ മുപ്പത്തഞ്ചോളം പേരെയാണു കടിച്ചു പരിക്കേൽപ്പിച്ചത്. നാലു കിലോമീറ്ററോളം ദൂരം ഓടിനടന്ന് ആക്രമിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ച നായയെ പിടികൂടിയെങ്കിലും ജനങ്ങളുടെ മനസിലെ പേടിയകറ്റാനായില്ല. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം അടിമലത്തുറയിലും നായകളുടെ കൂട്ടമായ ആക്രമണം അരങ്ങേറിയത്. ഇതോടെ തീരത്തുള്ളവർക്കു പേടിയില്ലാതെ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി.
ഇതുവരെയും കണ്ടു പരിചയമില്ലാത്ത നായകളാണു കടിച്ചതെന്ന് അടിമലത്തുറക്കാർ പറയുന്നു. വീടിനുള്ളിൽ കയറിവരെ ആക്രമിച്ച തെരുവുനായകൾ വീടിനു മുന്നിൽ നിന്നവരെയും നടന്നു പോയവരെയും കടിച്ച് പറിച്ചു. കൂടാതെ വളർത്തു നായകളും നിരവധി തെരുവുനായകളും ആക്രമണത്തിനിരയായെന്നും നാട്ടുകാർ പറയുന്നു. മൂന്നാം തീയതിയിൽ ഓടിനടന്നു കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിച്ച തെരുവുനായയ്ക്കു പോയുള്ളതായി നാട്ടുകാർ പറയുന്നുണ്ടെങ്കിലും അധികൃതരുടെ സ്ഥിരീകരണം വന്നിട്ടില്ല.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തീരദേശത്തു അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളുടെ എണ്ണവും കൂടുതലാണ്. സമീപത്തെ കടകളിലും വീടുകളിലും അറവുശാലകളിൽ നിന്നുമായി വലിച്ചെറിയുന്ന ഭക്ഷണാവശിഷ്ടങ്ങൾ തിന്നുകൊഴുത്തു നടക്കുന്നവനാട്ടുകാർക്കും ഭീഷണിയായി മാറി. ഇതിനുപരി മറ്റു സ്ഥലങ്ങളിൽനിന്നു വയസായ വളർത്തുനായ്കളെ ഉടമസ്ഥർ രഹസ്യമായികൊണ്ടുവന്ന് ഉപേക്ഷിച്ച് കടന്നു കളയുന്ന സംഭവങ്ങളും ഉണ്ടാകുന്നതായും നാട്ടുകാർ പറയുന്നു. ഇവയും തീരദേശവാസികൾക്കു വിനയായി.
അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇത്തരം നായ്കൾ ഏറെ അക്രമകാരികളാണെന്നും പറയപ്പെടുന്നു. ഇവയിൽ നിരവധി എണ്ണത്തെ കടിച്ചുരുട്ടിയാണ് പേയുണ്ടെന്നു കരുതുന്ന നായയും കടന്നുപോയത്. പൂവാർ, കരിംകുളം, കോട്ടു കാൽ പഞ്ചായത്തുകളിൽപ്പെടുന്ന മേഖലയാണിവ. നിയന്ത്രണങ്ങളുടെ പേരുപറഞ്ഞ് പഞ്ചായത്തും കൈയൊഴിഞ്ഞ തോടെ ജനം കഷ്ടത്തിലായി.