മദ്യലഹരിയില്‍ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍
1591580
Sunday, September 14, 2025 6:01 AM IST
പൂന്തുറ: മദ്യപിച്ചതിനു ശേഷം വാക്കുതര്‍ക്കത്തിനിടെ സുഹൃത്തിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കന്യാകുമാരി വടശ്ശേരി സ്വദേശി വെട്രിവേല്‍ (32) ആണ് പിടിയിലായത്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടുകൂടി അമ്പലത്തറ പരവന്കുന്നിലായിരുന്നു കേസിനിടയായ സംഭവം നടന്നത്.
പ്രതിയായ വെട്രിവേലും ഇയാളുടെ സുഹൃത്തായ തമിഴ്നാട് മധുര സ്വദേശി ലക്ഷ്മണനും (44) ഒരുമിച്ചിരുന്നു മദ്യപിച്ച ശേഷം വാക്കുതര്‍ക്കമുണ്ടാകുകയും വേട്രിവേല് സമീപത്തുണ്ടായിരുന്ന മദ്യകുപ്പി പൊട്ടിച്ച് ലക്ഷ്മണന്റെ നെഞ്ചിന്റെ ഇടതുഭാഗത്ത് കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
നെഞ്ചില്‍ ആഴത്തില്‍ കുത്തേറ്റ ലക്ഷ്മണന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വെട്രിവേലിന്റെ ഭാര്യയെയും മക്കളെയും ഇക്കഴിഞ്ഞ 11 മുതല്‍ കാണാതായി രുന്നു. ഇതിനുപിന്നില്‍ ലക്ഷ്മണന് ആണെന്നുള്ള ആരോപണം ഉന്നയിച്ചായിരുന്നു ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതും തുടര്‍ന്ന് ആക്രമണം നടന്നതെന്നും പോലീസ് പറഞ്ഞു. ഇരുവരും വിഴിഞ്ഞത്തു മീനെടുത്ത് കച്ചവടം നടത്തിവരികയായിരുന്നു. ലക്ഷ്മണന് നല്കിയ പരാതിയില്‍ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് വെട്രിവേല്‍ പിടിയിലായത്.
പൂന്തുറ എസ്ഐ സിനുലിന്റെ നേതൃത്വത്തില്‍ എഎസ്ഐ ഷാജി, സിപിഒ മാരായ ഷിബു, ഗിരീഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.