അമീബിക് മസ്തിഷ്ക ജ്വരം : നീന്തല്‍കുളത്തില്‍ ഇറങ്ങിയവരുടെ വിവരങ്ങള്‍ തേടി ആരോഗ്യ വകുപ്പ്
1591831
Monday, September 15, 2025 6:34 AM IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് നീന്തല്‍ കുളത്തില്‍ കുളിച്ച പതിനേഴുകാരന് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചത് ആക്കുളത്തെ സ്വിമ്മിംഗ് പൂളിലെ വെള്ളം മൂക്കില്‍ കയറിയതിനെ തുടര്‍ന്നെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ച കുട്ടിക്കൊപ്പം കുളത്തിലിറങ്ങിയ മറ്റു മൂന്നു കുട്ടികള്‍ നിരീക്ഷണത്തിലാണ്. നിലവില്‍ ഇവര്‍ക്ക് രോഗലക്ഷണങ്ങളൊന്നുമില്ലെന്നാണ് വിവരം. അതേസമയം കുളത്തിലിറങ്ങിയ മറ്റുള്ളവരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിച്ചു തുടങ്ങി.
ഓഗസ്റ്റ് 16 മുതല്‍ ഇക്കഴിഞ്ഞ ദിവസം വരെ പൂളില്‍ ഇറങ്ങിയവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. അതേസമയം ആക്കുളം ടൂറിസ്റ്റ് വില്ലേജില്‍ സന്ദര്‍ശനത്തിന് കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 16 നാണ് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ നീന്തല്‍ കുളത്തില്‍ കുട്ടികള്‍ ഇറങ്ങിയത്. നാലു പേരില്‍ ഒരാള്‍ക്ക് പിറ്റേ ദിവസം തന്നെ കടുത്ത തലവേദനയുണ്ടാവുകയും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തതോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രോഗത്തിന് ശമനമാകാതെ വന്നതോടെ കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവിടെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടി ഇപ്പോഴും ഐസിയുവില്‍ തുടരുകയാണ്.
കുളത്തിലെ വെള്ളം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഇതിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.