മുണ്ടേല ദേവരുകുളം കുരിശടി റോഡിൽ വെള്ളക്കെട്ട്: യാത്രക്കാർ ദുരിതത്തിൽ
1591579
Sunday, September 14, 2025 6:01 AM IST
നെടുമങ്ങാട്: മുണ്ടേല ദേവരുകുളം കുരിശടി റോഡ് തകർന്നു. ആര്യനാട്, ഉഴമലയ്ക്കൽ പഞ്ചായത്തുകളിലുള്ളവർ മുണ്ടേല, അരുവിക്കര തുടങ്ങിയ സ്ഥലങ്ങളിൽ എളുപ്പത്തിലെത്താൻ ആശ്രയിക്കുന്ന റോഡാണ് അധികൃതരുടെ അനാസ്ഥകാരണം ശോച്യാവസ്ഥയിലായത്.
പ്രദേശത്ത് നാല്പതിലേറെ കുടുംബങ്ങൾ താമസിക്കുന്നുമുണ്ട്. അഞ്ചുവർഷം മുമ്പ് ജില്ലാ പഞ്ചായത്ത് 20 ലക്ഷം രൂപ ചെലവിൽ റീ ടാറിംഗ് ചെയ്ത റോഡ് ഇപ്പോൾ മെറ്റലുകളിളകി കാൽനടയാത്രയ്ക്കു പോലും കൊള്ളാത്ത അവസ്ഥയിലാണ്.
ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവായി. മഴക്കാലമായതോടെ ഗട്ടറുകൾ വീണ റോഡിൽ വെള്ളക്കെട്ടും രൂക്ഷമായി. ഇതുകാരണം കാൽനടയാത്രക്കാരും ഇരുചക്രവാഹനയാത്രക്കാരും ഒരുപോലെ ദുരിതത്തിലായി. അടിയന്തിരമായി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ അധികൃതരോട് ആവശ്യപ്പെട്ടു.