വയലിക്കട വളവിലെ അപകടം; സുരക്ഷാ നിര്‍ദേശങ്ങള്‍ നടപ്പായില്ല
1591576
Sunday, September 14, 2025 5:56 AM IST
ഏറ്റവും ഒടുവിലത്തെ അപകടം നടന്നത് ആറിന്
പേരൂര്‍ക്കട: വയലിക്കട വളവിലെ നിരന്തരമുള്ള അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള സുരക്ഷാ നിര്‍ദേശങ്ങള്‍ ഇനിയും നടപ്പായില്ല. മുട്ടട ജംഗ്ഷനില്‍ നിന്ന് അമ്പലമുക്കിലേക്കു വരുന്ന റോഡില്‍ 300 മീറ്റര്‍ പിന്നിടുമ്പോഴാണ് ആലപ്പുറം കുളത്തിനു സമീപം വലിയ വളവ് സ്ഥിതിചെയ്യുന്നത്.
ഒരു വര്‍ഷം മുമ്പാണ് അത്യാധുനിക രീതിയില്‍ പരുത്തിപ്പാറ-അമ്പലമുക്ക് റോഡ് നവീകരിച്ചത്. എന്നാല്‍ അതിനുശേഷം രണ്ടുമാസം പിന്നിട്ടതുമുതല്‍ ചെറുതും വലുതുമായ അപകടങ്ങള്‍ ഇവിടെ പതിവായി. മാസങ്ങള്‍ക്ക് മുമ്പ് എന്‍സിസി റോഡ് സ്വദേശിയായ യുവാവ് ബൈക്ക് നിയന്ത്രണംവിട്ടു മറിഞ്ഞു സാരമായി പരിക്കേറ്റിരുന്നു.
ആലപ്പുറം കുളത്തിനു തൊട്ടടുത്തായിരുന്നു അപകടം. ഏകദേശം ഒരുവര്‍ഷത്തിനു മുമ്പ് ഒരു ജീപ്പ് കുളത്തിനു സമീപം റോഡരികിലെ ഒരു വീടിന്റെ മതില് ഇടിച്ചു തകര്‍ത്തിരുന്നു. അത്യാധുനിക രീതിയില്‍ റോഡ് നിര്‍മിച്ചിട്ടുണ്ടെങ്കിലും ആവശ്യമായ സുരക്ഷാ മുന്നറിയിപ്പുകള്‍ ഈ ഭാഗത്ത് സ്ഥാപിക്കാത്തതാണ് അപകടങ്ങള്‍ക്കു കാരണമെന്ന് ആക്ഷേപമുണ്ട്. ആവശ്യമായ റിഫ്ളക്ടറുകള്‍ സ്ഥാപിച്ചും അപകടസാധ്യതാ മേഖലയെന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചും പ്രശ്നപരിഹാരമുണ്ടാക്കുമെന്നു സ്ഥലം സന്ദര്‍ശിച്ച വി.കെ. പ്രശാന്ത് എംഎല്‍എ അറിയിച്ചിരുന്നു.
എന്നാല്‍ സംഭവം നടന്ന് ഒരാഴ്ചയാകുന്ന ഈ വേളയിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കുത്തനെയുള്ള ഇറക്കത്തിനുശേഷമാണു കൊടുംവളവുള്ളത്. ഈ വളവില്‍ ഏകദേശം ആറു വീടുകള്‍ റോഡുവശത്ത് സ്ഥിതിചെയ്യുന്നുണ്ട്. ഏറ്റവുമൊടുവില്‍ കാര്‍ മതിലിലിടിച്ചു വീടിനുള്ളിലേക്കു കടന്നു പോര്‍ച്ചില്‍ പാര്‍ക്കു ചെയ്തിരുന്ന കാറും തകര്‍ക്കുകയുണ്ടായി.
രാജേഷ്കുമാറിന്റെ വീടിന്റെ മതിലാണ് തകര്‍ക്കപ്പെട്ടത്. അപകടസാധ്യതാ മേഖലയെന്ന വലിയ ബോര്‍ഡ് സ്ഥാപിച്ചാല്‍ ഡ്രൈ വര്‍മാര്‍ ഇതു ശ്രദ്ധിക്കുകയും റോഡിന്റെ അവസ്ഥ മനസിലാക്കുകയും ചെയ്യും.
അതേസമയം വയലിക്കട നിന്നു മുട്ടടയിലേക്കു പോകുന്ന വാഹനങ്ങള്‍ക്കും വ്യക്തമായി അറിയാന്‍ സാധിക്കുന്നവിധം ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യമുണ്ട്. മുട്ടടയിലേക്കു പോകുന്ന വാഹനങ്ങള്‍ ചില അവസരങ്ങളില്‍ വലതുവശം ചേര്ന്നുപോകുന്നതിനു കാരണം കൊടുംവളവാണ്.
എതിര്‍വശത്തുനിന്നു ഹെവി വാഹനങ്ങള്‍ എത്തിയാല്‍ ഇവര്‍ അപകടത്തില്‍പ്പെടുമെന്ന കാര്യം ഉറപ്പാണ്. പകല്സമത്തുപോലും ചെറുതും വലുതുമായ വാഹനാപകടങ്ങള്‍ ഇവിടെയുണ്ടാകുന്നുണ്ട്. മുട്ടട ജംഗ്ഷന്, വയലിക്കട വളവ്, വയലിക്കട ജംഗ്ഷന് എന്നിവിടങ്ങളില്‍ രാത്രികാഴ്ചയ്ക്ക് റിഫ്ളക്ടര് സ്റ്റഡ് പിടിപ്പിച്ച റമ്പിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിക്കുമെന്നതും വാഗ്ദാനമായിരുന്നു. അതും ഇതുവരെയും നടപ്പാക്കപ്പെട്ടിട്ടില്ല.
നിരന്തരം വാഹനാപകടങ്ങള്‍ ഉണ്ടാകുകയും അതു വിവാദമാകുകയും ചെയ്യുന്ന അവസരങ്ങളില്‍പ്പോലും നടപടികള്‍ ഉണ്ടാകുന്നത് വൈകിപ്പിക്കുന്നതു പൊതുജനങ്ങളുടെയും വാഹനഡ്രൈവര്മാരുടെയും ജീവനു ഭീഷണിയുണ്ടാക്കും. മതില് ഇടിഞ്ഞ ഭാഗത്ത് ടെന്‍ഡ് കെട്ടിയിരിക്കുന്നും ഇഷ്ടികകള്‍ ഇളക്കിവച്ചിരിക്കുന്നതും മാത്രമാണു നിലവില്‍ ഇവിടെ അപകടമുണ്ടായി എന്നുമനസിലാക്കുന്നതിനുള്ള ഏകമാർഗം.