സൗദി ജയിലില്‍ കഴിയുന്ന ഷിബുവിനെ മോചിപ്പിക്കാൻ ഫണ്ട് ശേഖരണം
1591844
Monday, September 15, 2025 6:44 AM IST
വെള്ളറട : സൗദി ജയിലില്‍ കഴിയുന്ന ഷിബുവിനെ മോചിപ്പിക്കുന്നതിനായി വെള്ളറടയില്‍ നാട്ടുകാര്‍ ഒന്നിച്ചു. കോവിഡ് സമയത്ത് സൗദിയില്‍ ഡ്രൈവറായിരുന്ന കുടപ്പനമൂട് വയലിംഗല് റോഡരികത്ത് വീട്ടില്‍ ഷിബു(45) അനധികൃതമായി കാര്‍ ഓടിച്ചുവെന്ന കാരണത്താൽ സൗദി ജയിലില്‍ 5 വര്‍ഷമായി ശിക്ഷയില്‍ കഴിയുകയാണ്.
ഷിബു അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്നുവെങ്കിലും രണ്ടുവര്‍ഷത്തെ ശിക്ഷയാണ് സൗദി കോടതി വിധിച്ചത്. ഒന്നരലക്ഷം റിയാല്‍ (36 ലക്ഷം രൂപ) പിഴ അടച്ചാലെ ജയില്‍ മോചിതനാകാന്‍ കഴിയുകയുള്ളു. ആ ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ശ്രമത്തിലാണ് പ്രവാസി സംഘടന.
ഫണ്ട് സ്വരൂപണത്തിനുള്ള ഉദ്ഘാടനം ഇന്നലെ വൈകുന്നേരം വെള്ളറടയില്‍ പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എല്‍. ബി. അജയകുമാര്‍ ബ്രോഷര്‍ കൈമാറി നിര്‍വഹിച്ചു. നേതാക്കളായ ഷിജു തടത്തില്‍, പ്രതീപ്, അശോകന് തുടങ്ങിയവര്‍ സംസാരിച്ചു.
ഫണ്ട് ശേഖരണത്തിന് പ്രവാസി സംഘടനയില്‍ പെട്ട ജംഷീര്‍, ഷിജിന്, രാജന്, സനല്‍, പ്രേമന്, സനല്‍ അടങ്ങുന്ന സംഘം ് ഉണ്ട്. വെള്ളറടയില്‍ നടന്ന പരിപാടിയില്‍ ഷിബുവിന്റെ ഭാര്യ സുനിത മകന് സോജു, മാതാവ് പാലമ്മ എന്നിവര്‍ പങ്കെടുത്തു.