കോരിയിട്ട ഓടമാലിന്യം ഒരാഴ്ചയായി ഫുട്പാത്തില്‍
1592044
Tuesday, September 16, 2025 6:21 AM IST
പേരൂര്‍ക്കട: ഓടയിൽന്നു കോരിയിട്ട മാലിന്യം ഒരാഴ്ചയായി ഫുട്പാത്തില്‍ കിടന്നിട്ടും നീക്കം ചെയ്യുന്നില്ല. തമ്പാനൂര്‍ പഴയ ജനമൈത്രി സ്റ്റേഷന്റെ മതിലിനോടു ചേര്‍ന്ന ഭാഗത്താണ് ഓടയിലെ മാലിന്യം കോരിയിട്ടിരിക്കുന്നത്.
തിരുവനന്തപുരം നഗരസഭാ തൊഴിലാളികള്‍ റോഡുവശത്തെ ഓട വൃത്തിയാക്കുന്നതിന്റെ ഭാഗമായിട്ടാണ് മാലിന്യം കാല്നടയാത്രികര്ക്കുള്ള ഫുട്പാത്തിലേക്ക് ഒരാഴ്ച മുമ്പ് കോരിയിട്ടത്. ഇതില്‍ മണ്ണും മണലും ചളിയും മറ്റവശിഷ്ടങ്ങളും കവര്‍ന്നിട്ടുണ്ട്.
ഫുട്പാത്തിനു സമീപം വാഹനപാര്‍ക്കിംഗ് നിരോധിച്ചുകൊണ്ട് പോലീസ് സേഫ്റ്റി കോണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതു കാല്‍നടയാത്രികരുടെ സുഗമമായ സഞ്ചാരവും റോഡിലൂടെയുള്ള വാഹനഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയാണ്. അതിനിടെയാണ് കാല്‍നടയാത്രികരെ ദുരിതത്തിലാക്കിക്കൊണ്ട് ഫുട്പാത്തില്‍ മാലിന്യം കോരിയിട്ടിരിക്കുന്നത്. അതേസമയം റെയില്‍വേ സ്റ്റേഷനു സമീപത്തെ ഫുട്പാത്തില്‍ കോരിയിട്ടിരുന്ന മാലിന്യം ഇവിടെനിന്ന് നീക്കം ചെയ്തുകഴിഞ്ഞു. തമ്പാനൂര്‍ ഫുട്പാത്തിലെ മാലിന്യം നീക്കം ചെയ്യാത്തതിനാല്‍ ദുര്‍ഗന്ധവും അനുഭവപ്പെടുന്നുണ്ട്.