വലിയതുറയില്‍ കുരിശടിയിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് കവർച്ച
1592041
Tuesday, September 16, 2025 6:21 AM IST
വലിയതുറ: പള്ളി കുരിശടിയിലെ കാണിക്ക വഞ്ചി കുത്തിത്തുറന്നു പണം കവര്‍ന്നു.
കണ്ണാന്തുറ സെന്റ് ആന്റണീസ് കുരിശടിയിലെ കണിക്കവഞ്ചി കുത്തിത്തുറന്നാണ് പതിനായിരത്തോളം രൂപ മോഷ്ടാക്കൾ കവർന്നത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു മോഷണം. മോഷ്ടാവിന്റെ ദൃശ്യം കുരിശടിയിലെ നിരീക്ഷണ കാമറയില്‍ നിന്നും പോലീസിനു ലഭിച്ചു.
കുരിശടിയുടെ സ്ലൈഡിംഗ് വിന്‍ഡോ വഴി അകത്തു കയറിയ മോഷ്ടാവ് പതുങ്ങി പോകുന്ന ദൃശ്യമാണ് ലഭിച്ചത്. രാത്രി 12നെത്തിയ മോഷ്ടാവ് അകത്ത് കടക്കാനാകാതെ മടങ്ങിപോയി. വീണ്ടും തിരികെ എത്തി കവര്‍ച്ച നടത്തുകയായിരുന്നു. മോഷണം നടത്തിയശേഷം പുലര്‍ച്ചെ 1.20 ഓടുകൂടി പുറത്തു കടന്നതായും പോലീസ് പറഞ്ഞു.
വരലടയാള വിദഗ്ധർ സ്ഥലത്തെത്തി മോഷ്ടാവിന്റെ വിരലടയാളം ശേഖരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതായും മോഷ്ടാവ് ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. രണ്ടാഴ്ചകള്‍ക്കിടെ വലിയതുറ പോലീസ് സ്റ്റേഷന് പരിധിയില്‍ നടക്കുന്ന നാലാമത്തെ മോഷണമാണിത്. രണ്ടു വീടുകളില്‍ നിന്നായി 32 പവനോളം സ്വര്‍ണാഭരണങ്ങളും കൊച്ചുവേളിക്കു സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന യുവതിയുടെ സ്കൂട്ടറും മോഷണം പോയിരുന്നു.
രണ്ടു സംഭവങ്ങളിലും മോഷ്ടാക്കളുടെ ദൃശ്യം സിസിടിവി കാമറകളില്‍ നിന്നും ലഭിച്ചിട്ടും പോലീസിനു പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ പ്രദേശത്ത് നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.