കാര്‍ പാര്‍ക്കിംഗുമായി ബന്ധപ്പെട്ടു തര്‍ക്കം; മൂന്നംഗ സംഘം പിടിയില്‍
1592042
Tuesday, September 16, 2025 6:21 AM IST
പൂന്തുറ: അനധികൃതമായി കടയുടെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ കടയുടമയെ മര്‍ദിച്ച കേസില്‍ മൂന്നംഗ സംഘത്തെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. കഠിനംകുളം ചന്നാങ്കര ബ്രിഡ്ജിനു സമീപം സുലൈമാന്‍ (67), പൂന്തുറ ബീമാപള്ളി സ്വദേശിക ളായ കലാം (50), സിദ്ധിഖ് (45) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച വൈകുന്നേരം 4.30 ഓടുകൂടി ബീമാപള്ളി മാണിക്കവിളാകം ജവഹര്‍ പള്ളി ക്ക് സമീപത്തായിരുന്നു കേസിനിടയായ സംഭവം. ബീമാപള്ളി മാണിക്കവിളാകം സ്വദേശി നിസാര്‍ (41) ആണ് സംഘത്തിന്റെ മര്‍ദനത്തില്‍ പരിക്കേറ്റ് ചികിത്സ തേടിയത്. ഞായറാഴ്ച ഉച്ചയോടെ നിസാര്‍ മാണിക്കവിളാകം ജവഹര്‍ പള്ളി ക്കുസമീപത്തുള്ള തന്റെ സ്റ്റേഷനറിക്കട പൂട്ടിയശേഷം ഭക്ഷണം കഴിക്കാന്‍ വീട്ടില്‍ പോയിരുന്നു.
തിരികെ കടതുറക്കാനെത്തിയപ്പോള്‍ കടയുടെ മുന്നിലായി കാര്‍ പാര്‍ക്ക് ചെയ്തിരുന്നു. നിസാര്‍ ദേഷ്യത്തില്‍ കാര്‍ തള്ളി മാറ്റാന്‍ ശ്രമിക്കുകയും ഇതേ തുടര്‍ന്ന് കാറിന്റെ ഡോറിനു കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഏറെ നേരം കഴിഞ്ഞി തിരികെയെത്തിയ മൂന്നംഗ സംഘം ഇതു ചോദ്യം ചെയ്യുകയും വാക്കേറ്റത്തിനൊടുവില്‍ മടങ്ങിപോകുകയും ചെയ്തു.
എന്നാല്‍ അല്‍പ്പ സമയത്തിനുള്ളില്‍ മൂന്നു പേരും തിരികെയെത്തി നിസാറിനെ മര്‍ദിക്കുകയും കുത്തിപ്പരിക്കേല്പ്പിക്കുകയുമായിരുന്നതായി പോലീസ് പറഞ്ഞു. കഠിനംകുളം സ്വദേശി സുലൈമാന്‍ ബീമാപള്ളി മാണിക്കവിളാകത്തെ ബന്ധുവീട്ടിലെത്തിയതായിരുന്നു. കലാമും , സിദ്ധിഖും സുലൈമാനെ യാത്രയാക്കാന്‍ കൂടെ വന്നതായിരുന്നു. പൂന്തുറ എസ്എച്ച്ഒ സജീവ്, എസ്ഐ ശ്രീജേഷ്, എസ്സിപിഒ സജിവ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.