വസ്തുതട്ടിപ്പ് കേസ്: അനില്‍ തമ്പിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും
1592046
Tuesday, September 16, 2025 6:21 AM IST
പേരൂര്‍ക്കട: വസ്തുതട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവില്‍ക്കഴിഞ്ഞു വരുന്ന വ്യവസായി അനില്‍ തമ്പിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. അതുവരെ അനില്‍ തമ്പിയെ അറസ്റ്റുചെയ്യരുതെന്നു കോടതിയുടെ നിർദേശമുണ്ടായിരുന്നു. വളരെ നാളുകളായി ഇയാള്‍ ഒളിവില്‍ കഴിഞ്ഞുവരികയാണ്.
കവടിയാര്‍ ജവഹര്‍ നഗര്‍ സ്വദേശിനിയും നിലവില്‍ അമേരിക്കയില്‍ സ്ഥിരതാമസാക്കിയ ആളുമായ ഡോറ അസറിയ ക്രിപ്സ് എന്ന വയോധികയുടെ 10 കോടിയോളം വില വരുന്ന വീടും വസ് തുവും വട്ടിയെടുത്തതിന്റെ മുഖ്യ സൂത്രധാരനാണ് അനില്‍ തമ്പി. അതിനിടെ അനില്‍ തമ്പിയെ അന്വേഷിച്ചു മ്യൂസിയം പോലീസിന്റെ പ്രത്യേക സംഘം ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പരിശോധന നടത്തിയിരുന്നു.
ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍നിന്നും അനില്‍ തമ്പി കഷ്ടിച്ചാണ് പോലീസിന്റെ കൈയില്‍പ്പെടാതെ രക്ഷപ്പെട്ടത്. അതേസമയം പോലീസ് ഇയാളെ അന്വേഷിച്ച് നേപ്പാള്‍, ഭൂട്ടാന് രാജ്യങ്ങളിലും എത്തിയിരുന്നു. ഏറ്റവുമൊടുവില്‍ അനില്‍ തമ്പി ഇന്ത്യയിലെവിടെയെങ്കിലും ഒളിവില്ക്കഴിയുന്നുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
തിരുവനന്തപുരം ജവഹര്‍ നഗറിലെ വീട്ടില്‍ ഇയാള്‍ ഇതുവരെയും എത്തിയിട്ടില്ലെന്നാണ് പോലീസ് അന്വേഷണത്തില്‍ അറിയാന്‍ സാധിച്ചത്. ശക്തമായ തെളിവുകളുമായാണ് അന്വേഷണസംഘം കോടതിയെ സമീപിച്ചിട്ടുള്ളത്. ബുധനാഴ്ചത്തെ കോടതിവിധി അനുസരിച്ചായിരിക്കും പോലീസിന്റെ ബാക്കിയുള്ള അന്വേഷണം.