ലൈഫ് ഗാർഡുമാർക്കു ഇക്കുറിയും ശന്പളമില്ല
1592033
Tuesday, September 16, 2025 6:20 AM IST
വിഴിഞ്ഞം: ഏതു പ്രതികൂല സാഹചര്യങ്ങളിലും കടലിൽ രക്ഷാപ്രവർത്തനം നടത്തി മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കുന്ന ലൈഫ് ഗാർഡുമാർക്കും മറൈൻ ആംബുലൻസിലെ നേഴ്സുമാർക്കും ഇക്കുറി ഓണമുണ്ണാനായില്ല. തുച്ഛമായ ശമ്പളത്തിനു ദിവസവേതനാടിസ്ഥാനത്തിൽ പണിയെടുക്കുന്നവരെ അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് ആക്ഷേപം. നാലു മാസമായുള്ള ശമ്പളക്കുടിശിക കിട്ടണമെന്ന നിരന്തര ആവശ്യവും ഉന്നതർ പരിഗണിച്ചില്ല.
ആയിരക്കണക്കിനു വള്ളങ്ങൾ കടലിൽ ഇറങ്ങുന്ന വിഴിഞ്ഞത്തിന്റെയും എന്നും അപകടക്കെണിയായി മാറിയ മുതലപ്പൊഴിയുടെയും സുരക്ഷയ്ക്കായി ഫിഷറീസ് വകുപ്പ് നിയോഗിച്ച 35 ഓളം ലൈഫ് ഗാർഡുമാരാണു കഷ്ടത്തിലായത്. എട്ടു മണിക്കൂർ ജോലിക്ക് 730 രൂപ ശമ്പളം നിശ്ചയിച്ച് നിയോഗിക്കപ്പെട്ട ഇവർ, നിലവിൽ 12 മണിക്കൂർ വരെ പണിയെടുക്കുന്നുണ്ട്. മറ്റു പണികൾക്കു പോകാൻ പറ്റാത്ത ഗാർഡുമാരുടെ ഏക വരുമാനമാണു നാലു മാസമായി ഇല്ലാതായത്.
ഇതോടെ കുടുംബവും പട്ടിണിയുടെ വക്കിലായതായും ഇവർ പറയുന്നു. ഫിഷറീസ് വകുപ്പിന്റെ വകയായി മൂന്നു രക്ഷാ വള്ളങ്ങളും ഒരു വാടകബോട്ടും മറൈൻ ആംബുലൻസുമാണ് വിഴിഞ്ഞത്തിനും മുതലപ്പൊഴിക്കുമായുള്ളത്. ഇവയിൽ എല്ലാമായി ആകെയുള്ള 45 ലൈഫ് ഗാർഡുമാരിൽ പത്തു പേർക്കു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ മേൽനോട്ടത്തിലും 35 പേർക്ക് അസിസ്റ്റന്റ് ഡയറക്ടറുടെ മേൽനോട്ടത്തിലുമാണ് ശമ്പളം നൽകുന്നത്.
പ്രതിഷേധമുയർന്നപ്പോൾ പത്ത് പേർക്ക് ഓഗസ്റ്റുവരെയുള്ള കുടിശിക നൽകിയെങ്കിലും 35 പേരുടെ കാര്യത്തിൽ തീരുമാനമുണ്ടായില്ല. ഇവർക്കു ശമ്പളം നൽകാനുള്ള ഫണ്ടില്ലെന്നാണ് അധികൃതരുടെ വാദം. മറ്റു ജില്ലകളിൽ ഉള്ളതിനെക്കാൾ തിരുവനന്തപുരം ജില്ലയിൽ ലൈഫ് ഗാർഡുമാരുടെ അംഗസംഖ്യ കൂടിയതാണ് പ്രശ്നമായി അധികൃതർ പറയുന്നത്. പതിനെട്ടു വർഷം മുതൽ പണിയെടുക്കുന്നവർക്കുപരി മൂന്നു മാസം മുൻപു വരെയും ലൈഫ് ഗാർഡുകളായി ആളെടുത്തതായും പറയപ്പെടുന്നു.
പ്രളയകാലത്തു രക്ഷാപ്രവർത്തനം നടത്തിയ കുറച്ചു മത്സ്യത്തൊഴിലാളികൾക്കു സർക്കാരിന്റെ മേൽനോട്ടത്തിൽ ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽനിന്ന് 15 ദിവസത്തെ ട്രെയിനിംഗം നൽകിയിരുന്നു. മുതലപ്പൊഴിയുടെ പേരിൽ ആദ്യം തെരഞ്ഞെടുത്തവർക്ക് ഗോവയിലെ ട്രെയിനിംഗ് മാനദന്ധമായി നിശ്ചയിച്ചിരുന്നെങ്കിലും പിന്നെയെല്ലാം തകിടം മറിഞ്ഞതായും ആരോപണമുയർന്നിരുന്നു. ഇവരുൾപ്പെടെയുള്ള ഭൂരിപക്ഷം ആൾക്കാർക്കും ജൂൺ മാസത്തിനുശേഷം ശമ്പളം നൽകിയിട്ടില്ലെന്നാണറിവ്. ഇതോടെ കുട്ടികളുടെ പഠനവും വീട്ടുകാര്യങ്ങളും വഴിമുട്ടിയ സങ്കടത്തിലാണു രക്ഷാദൗത്യസംഘം.
മറൈൻ ആംബുലൻസിലെ മറ്റു ജീവനക്കാർക്കു മേൽനോട്ടം വഹിക്കുന്ന കമ്പനി ശമ്പളം നൽകുമ്പോൾ രണ്ടു നേഴ്സുമാർക്ക് ഫിഷറീസ് വകുപ്പാണ് ശമ്പളം നൽകേണ്ടത്. ഇക്കുറി നേഴ്സുമാരെയും അധികൃതർ മറന്നു.
സ്വന്തം ലേഖകൻ