ഈദ് ഗാഹിലും പൊങ്കാലയിലും പങ്കെടുത്ത് സ്ഥാനാർഥികൾ
1415766
Thursday, April 11, 2024 6:20 AM IST
തിരുവനന്തപുരം: ഈദ് ഗാഹിലും പൊങ്കാല മഹോത്സവത്തിലും പങ്കെടുത്ത് സ്ഥാനാർഥികൾ. ഇസ്ലാം മത വിശ്വാസികൾക്ക് പെരുന്നാൾ ആശംസകൾ നേരുന്നതിനായി യുഡിഎഫ് സ്ഥാനാർഥി ഡോ.ശശി തരൂർ ഇന്നലെ രാവിലെ പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ ഈദ് ഗാഹ് സന്ദർശിച്ചു. പ്രാർഥനയിൽ വിശ്വാസികൾക്കൊപ്പം പങ്കെടുത്ത അദ്ദേഹം തുടർന്ന് ബീമപള്ളിയിലേക്ക് പോയി. അവിടെയും പള്ളിയിലെത്തിയ വിശ്വാസികളുമായി അദ്ദേഹം സൗഹൃദം പങ്കുവച്ചു.
തുടർന്ന് വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുകയും ഉത്സവാശംസ നേരുകയും ചെയ്തു. തുടർന്ന് യുഡിഎഫ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ ജില്ലാതല യോഗത്തിൽ പങ്കെടുത്തു. തുടർന്നു നെയ്യാറ്റിൻകരയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിലും അദ്ദേഹം പങ്കെടുത്തു.
പെരുന്നാൾ ദിനത്തിൽ ഈദ് ഗാഹുകളിൽ വിശ്വാസികൾക്കൊപ്പം ചേർന്നായിരുന്നു തിരുവനന്തപുരം എൽഡിഎഫ് സ്ഥാനാർഥി പന്ന്യൻ രവീന്ദ്രനും ഇന്നലെ ദിവസം ആരംഭിച്ചത്. ചെറിയ പെരുന്നാൾ ദിനമായ ഇന്നലെ പൊതുപരിപാടികളോ പര്യടനമോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല.
ചന്ദ്രശേഖർ നായർ സ്റ്റേഡിയത്തിലെ ഈദ് ഗാഹ്, വട്ടിയൂർക്കാവ് ജുമാ മസ്ജിദിലെ ഈദ് ഗാഹ് എന്നിവിടങ്ങിൽ പന്ന്യൻ രവീന്ദ്രൻ പങ്കെടുത്തു. വിശ്വാസികളുമായി സ്നേഹാന്വേഷണങ്ങൾ നടത്തി. തുടർന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ വിവിധ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലും പങ്കെടുത്തു. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്‍പേ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു നേരിയ വിശ്രമം ലഭിച്ച ദിനം കൂടിയായിരുന്നു ഇന്നലെ.
ഇന്നു പാറശാല മണ്ഡലത്തിലെ രണ്ടാംഘട്ട പര്യടനം നടക്കും. കടുത്ത വേനൽ ചൂടിനെ അവഗണിച്ചും ദീർഘനേരം കാത്തുനിന്ന് സ്ഥാനാർഥിയുമായി സെൽഫി എടുത്തും കുശലം പറഞ്ഞുമാണ് വോട്ടർമാർ മടങ്ങുന്നത്.
എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിന്റെ വാഹന പര്യടന ജാഥയുടെ മൂന്നാം ദിനമായിരുന്നു ഇന്നലെ. ചട്ടന്പിസ്വാമിയുടെ കണ്ണമ്മൂലയിലെ സ്മാരക ഐലന്റിൻ ഇന്നലെ ഉച്ചകഴിഞ്ഞ് നാലിന് പുഷ്പാർച്ചന നടത്തിയായിരുന്നു വാഹന പ്രചാരണത്തിനു തുടക്കമായത്.
ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പ്രചരണജാഥ ഉദ്ഘാടനം ചെയ്തു. പതിനെട്ടാം ലോക്സഭാ തെരഞ്ഞെടുപ്പിൽ ആരു ഭരിക്കുമെന്ന് മുൻകൂട്ടി തീരുമാനിച്ച തെ രഞ്ഞെടുപ്പാണു വരാൻ പോകുന്നതെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. നരേന്ദ്രമോദി സർക്കാർ വീണ്ടും അധികാരത്തിൽ വരും എന്നതിൽ കോണ്‍ഗ്രസിനോ കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന മുന്നണിക്കോ സംശയമില്ല.
ബിജെപിക്ക് 400 സ്റ്റീറ്റും കോണ്‍ഗ്രസിന് 40 സീറ്റും ലഭിക്കുമെന്ന് അറിഞ്ഞ തെരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത് മാറ്റത്തിന്റെ തെരഞ്ഞെടുപ്പാണെന്നും എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.