ദുരിതപ്പെയ്ത്തിന്റെ നേർക്കാഴ്ച: ഫോട്ടോ പ്രദർശനം ആരംഭിച്ചു
1396352
Thursday, February 29, 2024 5:44 AM IST
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന സമരാഗ്നി ജനകീയ പ്രക്ഷോഭയാത്രയുടെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ’ദുരിതപ്പെയ്ത്തിന്റെ നേർക്കാഴ്ച’ എന്ന പേരിൽ നടത്തുന്ന ഫോട്ടോപ്രദർശനം ആരംഭിച്ചു.
കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടുന്ന ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. ശശിതരൂർ എംപി ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു. സമരം ചെയ്യുന്നവരെ സർക്കാർ അടിച്ചമർത്തുന്നതിന്റെ ക്രൂര ദൃശ്യങ്ങളാണ് പ്രദർശനത്തിൽ കാണാൻ കഴിയുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ പോലീസിനെ നിയന്ത്രിക്കാൻ സർക്കാരിനു കഴിയുന്നില്ല.
സമരം ചെയ്യുന്നവരെ ഏതു രീതിയിലും അടിച്ചമർത്താമെന്നാണ് സർക്കാർ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് പാലോട് രവി അധ്യക്ഷത വഹിച്ചു. കെ.പി. ശ്രീകുമാർ, ജി. സുബോധൻ, എം.എ. നസീർ, പി.കെ. വേണുഗോപാൽ, ജോണ്സണ് ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.