മാതൃഭാഷ സംരക്ഷണം അനിവാര്യം: ഡോ. സി. ഉദയകല
1394724
Thursday, February 22, 2024 5:52 AM IST
തിരുവനന്തപുര: നാടിനു സ്വാതന്ത്ര്യം ലഭിച്ചിട്ട് പതിറ്റാണ്ടുകൾ കടക്കുന്പോഴും നമ്മുടെ മാതൃഭാഷയ്ക്കു പൂർണ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ഡോ. സി. ഉദയകല. ലോകമാതൃഭാഷാ ദിനമായിരുന്ന ഇന്നലെ പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ സംഘടിപ്പിച്ച ലോക മാതൃഭാഷാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉദയകല. നന്ദാവനം പ്രഫ. എൻ. കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിലായിരുന്നു ചടങ്ങ്.
ചടങ്ങിനു ഭാഷാപണ്ഡിതനും സാഹിത്യകാരനുമായ ഡോ. എഴുമറ്റൂർ രാജരാജവർമ സ്വാഗതം പറഞ്ഞു. ഇന്നത്തെ സാമൂഹ്യ മാധ്യമങ്ങൾ നിശ്ചേതനമായ, യാതൊരു വികാരങ്ങളും നിറയാത്ത ഇമോജികളിലൂടെ ഭാഷയെ അകറ്റുകയാണ്- എഴുമറ്റൂർ പറഞ്ഞു.
ജനനം അറിയിച്ചാലും മരണം അറിയിച്ചാലും കൈകൂപ്പുകയും, കൈയിലെ പെരുവിരൽ ഉയർത്തിക്കാട്ടുകയും ചെയ്യുന്നവരായി നമ്മൾ മാറിയിരിക്കുന്നു. വികാരംനശിച്ച ഇമോജികളായി മനുഷ്യർ മാറിക്കൊണ്ടിരിക്കുന്പോൾ ഭാഷയുടെ വളർച്ച അസാധ്യമാകും. മാതൃഭാഷ ഉപയോഗിക്കുകയും മാതൃഭാഷയിൽ എഴുതുകയും ചെയ്താൽ മാത്രം പോര നമ്മൾ മാതൃഭാഷയുടെ കാവൽഭടന്മാരായി മാറണമെന്നും ഫൗണ്ടേഷൻ സെക്രട്ടറി എഴുമറ്റൂർ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എസ്. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ വൈസ് ചെയർമാൻമാരായ അനന്തപുരം രവി, ശ്രീമന്ദിരം രാധാകൃഷ്ണൻ, ഫേമസ് ബുക്സ് വിജയകുമാർ എന്നിവർ പ്രസംഗിച്ചു. സദാശിവൻ പൂവത്തൂർ സ്മരണാഞ്ജലി അർപ്പിച്ചു. ഫൗണ്ടേഷൻ അംഗം ഡോ. ബി.വി. സത്യനാരായണ ഭട്ട് കൃതജ്ഞത പറഞ്ഞു.