ഹൊറർ ചിത്രം ദി എക്സോർസിസ്റ്റും ടോട്ടവും ഉൾപ്പെടെ ഇന്ന് 67ചിത്രങ്ങൾ
1377489
Monday, December 11, 2023 12:27 AM IST
തിരുവനന്തപുരം: വില്യം ഫ്രീഡ് കിന്റെ അമേരിക്കൻ അമാനുഷിക ഹൊറർ ചിത്രം എക്സോർസിസ്റ്റ്, സങ്കീർണ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന മെക്സിക്കൻ സംവിധായിക ലില അവിലെസിന്റെ ടോട്ടം ഉൾപ്പടെ 67 ചിത്രങ്ങൾ ഇന്ന് രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.
മിഡ്നൈറ്റ് സ്ക്രീനിംഗ് വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്ന ആദ്യ ചിത്രമാണ് ദി എക്സോർസിസ്റ്റ്. മുത്തച്ഛന്റെ വീട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തുന്ന പെണ്കുട്ടി നേരിടേണ്ടിവന്ന അപ്രതീക്ഷിത സംഭവങ്ങളുടെ അനാവരണമാണ് ടോട്ടം.
വിവിധ രാജ്യങ്ങളിലായി ഒൻപത് ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള ചിത്രം മെക്സിക്കയുടെ ഓസ്കാർ പ്രതീക്ഷയാണ്. അഡുര ഓണാഷൈലിന്റെ ഗേൾ, പലസ്തീൻ ചിത്രം ഡി ഗ്രേഡ്, ജർമൻ ചിത്രം ക്രസന്റോ, ദി ഇല്ല്യൂമിനേഷൻ, അർജന്റീനിയൻ ചിത്രം ദി ഡെലിക്വൊൻസ്, മോൾഡോവാൻ ചിത്രം തണ്ടേഴ്സ്, ദി റാപ്ച്ചർ, ക്രിസ്റ്റോഫ് സനൂസിയുടെ ദി സ് പൈറൽ തുടങ്ങി 25 ചിത്രങ്ങളുടെ മേളയിലെ ആദ്യ പ്രദർശനമാണ് ഇന്ന് നടക്കുക.
വൃദ്ധനെ വിവാഹം ചെയ്യേണ്ടി വരുന്ന യുവതിയുടെ അതിജീവനം പ്രമേയമാക്കിയ പോളിഷ് ചിത്രം ദി പെസന്റ്സ്, ലിത്വാനിയൻ സംവിധായിക മരിയ കവ്തരാത്സെയുടെ സ്ലോ, ഫിൻലൻഡ് ചിത്രം ഫാളൻ ലീവ്സ്, ജർമ്മൻ സംവിധായകനായ ഇൽക്കർ കറ്റാക്ക് ഒരുക്കിയ ദി ടീച്ചേർസ് ലോഞ്ച്, ടർക്കിഷ് ചിത്രം എബൗട്ട് ഡ്രൈ ഗ്രാസസ്, അറബിക് ചിത്രം ഹാങിംഗ് ഗാർഡൻസ്, ബെൽജിയൻ സംവിധായകൻ ബലോജി ഒരുക്കിയ ഒമെൻ ഉൾപ്പടെ 42 ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദർശനവും ഇന്നു നടക്കും.
വിഘ്നേഷ് പി. ശശിധരന്റെ ഷെഹറാസാദ, വി. ശരത്കുമാർ ചിത്രം നീലമുടി, സമാധാനമുള്ള മരണം കാംക്ഷിക്കുന്ന യുവാവിന്റെ കഥപറയുന്ന സതീഷ് ബാബുസേനൻ-സന്തോഷ് ബാബുസേനൻ ചിത്രം, ആനന്ദ് മൊണാലിസ മരണവും കാത്ത്, കമലിന്റെ പെരുമഴക്കാലം, അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ വിധേയൻ, സിദ്ദിഖ് -ലാൽ കൂട്ടുകെട്ടിൽ പിറന്ന റാം ജി റാവൂ സ്പീക്കിംഗ് എന്നീ ചിത്രങ്ങളും ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതാനഗെയുടെ ഇന്ത്യൻ ചിത്രം പാരഡൈയ്സും ഇന്ന് പ്രദർശിപ്പിക്കും. ഓ. ബേബി, അദൃശ്യ ജാലകങ്ങൾ, ആപ്പിൾ ചെടികൾ, ദായം തുടങ്ങിയ മലയാള സിനിമകളുടെ പുനപ്രദർശനവും ഇന്നു നടക്കും.
മലയാള സിനിമയെ ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യമാക്കും: ഗോൾഡ സെല്ലം
തിരുവനന്തപുരം: മലയാള സിനിമയെ ആഗോളതലത്തിൽ കൂടുതൽ സ്വീകാര്യമാക്കുകയാണ് ലക്ഷ്യമെന്ന് കേരളാ രാജ്യാന്തര ചലച്ചിത്ര മേളയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം. കുറ്റമറ്റരീതിയിൽ സിനിമകൾ തെരഞ്ഞെ ടുക്കുക എന്നതാണ് പ്രധാനം.
ഓരോ സിനിമയും അത് പങ്ക് വയ്ക്കുന്ന രാഷ്ട്രീയവും ലോക ശ്രദ്ധ നേടുന്പോൾ അതീവ ശ്രദ്ധയോടെ മാത്രമേ ഒരു ക്യൂറേറ്റർക്ക് ചിത്രങ്ങൾ തെരഞ്ഞെടുക്കാൻ സാധിക്കൂവെന്നും അവർ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ലോകത്തിനു മുൻപിൽ മലയാള സിനിമയെ എത്തിക്കുന്പോൾ അതിന്റെ നിലവാരം ഉറപ്പാക്കുന്നത് സുപ്രധാനമാണെന്നും സെല്ലം വ്യക്തമാക്കി.
മലയാളം കഠിനമായ ഭാഷയാണ്. ഇംഗ്ലീഷ് സബ്ടൈറ്റിലുകൾ ഉണ്ടെങ്കിലും വിദേശ പ്രേക്ഷകർക്ക് ചിത്രങ്ങൾ ആഴത്തിൽ മനസിലാക്കുന്നതിന് ഭാഷ തടസമാകാറുണ്ടന്നും സെല്ലം പറഞ്ഞു . വിദേശ മേളകളിൽ മലയാള സിനിമയുടെ സബ്ടൈറ്റിൽ ഇംഗ്ലീഷിലേക്കും ഇംഗ്ലീഷിൽനിന്ന് സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യുന്പോൾ സംവേദനത്തിൽ പ്രശ്നം വരാൻ സാധ്യതയുണ്ട്.
ഇത് സിനിമയുടെ ഗുണനിലവാരത്തെ ബാധിക്കാമെന്നും അവർ പറഞ്ഞു. വിദേശ കന്പനികളുമായുള്ള സഹകരണം ആദ്യ ഘട്ടത്തിൽ മലയാള സിനിമകൾക്ക് ഗുണം ചെയ്യും. അടുത്ത ഘട്ടത്തിൽ സഹനിർമാണത്തിലേയ്ക്ക് കടക്കാമെന്നും അവർ പറഞ്ഞു.
സബ്ടൈറ്റിൽമൂലം ഉണ്ടാകുന്ന പ്രതിസന്ധികൾ സിനിമ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവർക്ക് പരിശീലനം നൽകുന്നതിനോടൊപ്പം ഏജൻസികളുടെ സഹായം തേടുന്നതിലൂടെയും ഈ പ്രശ്നം പരിഹരിക്കാനാകുമെന്നും ഗോൾഡ സെല്ലം പറഞ്ഞു.