പോലീസ് ഡോഗ് കല്യാണിയുടെ മരണം: മൂന്ന് പോലീസുകാരെ കേന്ദ്രീകരിച്ച് അന്വേഷണം
1377484
Monday, December 11, 2023 12:21 AM IST
പേരൂര്‍ക്കട: പോലീസ് നായ കല്യാണി മരിക്കാനിടയായ സംഭവത്തില്‍ പൂന്തുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ നവംബര്‍ 20-നാണ് പോലീസ് സേനയിലെ ഏറ്റവും മിടുക്കിയായ നായയായി അറിയപ്പെടുന്ന കല്യാണി ചത്തത്. വയര്‍ അസാധാരണമായി വീര്ത്തതിനെത്തുടര്ന്ന് നായയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആന്തരികാവയവത്തില്‍ വിഷത്തിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതാണ് പൊതുവേ സംശയത്തിനിട നല്‍കിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോഗ് സ്ക്വഡിലെ മൂന്നു പോലീസുകാര്‍ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്.
ഇതില്‍ രണ്ടു പേര് നായയെ പരിപാലിച്ചിരുന്നവരും ഒരാള്‍ സംഭവദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നയാളുമാണെന്നാണ് പൂന്തുറ പോലീസ് നല്കിയ വിവരം. എന്നാല്‍ കല്യാണിയുടെ മരണത്തില്‍ മറ്റ് ദുരൂഹതകളൊന്നും ഇല്ലെന്നും ആന്തരികാവയവത്തില്‍ ഉണ്ടായ ട്യൂമറാണ് നായ മരിക്കാന്‍ ഇടയായതെന്നുമാണ് പോലീസ് നല്കുന്ന സൂചന.
എഫ്ഐആര്‍ എടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ നായയുടെ ശരീരം പാലോട് അനിമല്‍ ഡിസീസ് സെന്ററിലേയ്ക്ക് അയക്കുന്നതിനു വേണ്ടിയാണെന്നു പോലീസ് അറിയിച്ചു. പൂന്തുറ സ്റ്റേഷന് പരിധിയിലുളള ബീമാപ്പളളി പത്തേക്കറിലാണ് ഡോഗ് സ്ക്വാഡ് ഓഫീസ് പ്രവര്‍ത്തനം.