ബാലരാമപുരം- നെയ്യാറ്റിന്‍കര പാതയില്‍ വാഹനാപകടങ്ങള്‍ പതിവാകുന്നു
1377483
Monday, December 11, 2023 12:21 AM IST
നെയ്യാറ്റിന്‍കര : കരമന -കളിയിക്കാവിള പാതയില്‍ ബാലരാമപുരത്തിനും നെയ്യാറ്റിന്‍കരയ്ക്കും മധ്യേ വാഹനാപകടങ്ങള്‍ പതിവാകുന്നതായ് ആക്ഷേപം.രണ്ടാഴ്ചയ്ക്കകം പ്രദേശത്ത് നടന്നത് നാല് അപകടങ്ങള്‍. ഒരു ജീവന് പൊലിഞ്ഞു. ആറാലുംമൂടിനു സമീപം കഴിഞ്ഞ ദിവസം കാറും ബൈക്കും കൂട്ടിയിടിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. അപകടത്തിൽ ബൈക്ക് യാത്രികനു കാര്യമായ പരിക്കേറ്റിരുന്നു. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് നിസാര പരിക്കുണ്ട്.
ബാലരാമപുരത്തേയ്ക്ക് വരികയായിരുന്ന കാറും നെയ്യാറ്റിന്‍കരയിലേയ്ക്ക് പോയ ബൈക്കുമാണ് മുഖാമുഖം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്റെ മുന്‍വശം കാറിന്റെ അടിഭാഗത്തേയ്ക്ക് കയറിയൊടിഞ്ഞു. കാറിന്റെ മുന്‍വശത്തെ ചില്ലും തകര്‍ന്നു. ഇക്കഴിഞ്ഞയാഴ്ച പത്താംകല്ലിനു സമീപം ലോറിയും വാനുമായി കൂട്ടിയിടിച്ചു. വാന്‍ യാത്രികന് ഗുരുതര പരിക്ക് പറ്റി. ഇടിയുടെ ആഘാതത്തില്‍ വാന്‍ ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു.
ദിവസങ്ങൾക്കു മുന്നേ മൂന്നുകല്ലിന്മൂട്ടില് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാരും യാത്രക്കാരും ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റ സംഭവം തദ്ദേശവാസികളിലും യാത്രക്കാരിലും ഒരുപോലെ നടുക്കമുളവാക്കിയ അപകടമാണ്. തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലേയ്ക്ക് വരികയായിരുന്ന ബസും നാഗര്‍കോവിലില്‍ നിന്ന് നെയ്യാറ്റിന്‍കരയിലൂടെ തിരുവനന്തപുരത്തേയ്ക്ക് പോവുകയായിരുന്ന ബസും തമ്മിലാണ് രാത്രി പത്തരയോടെ കൂട്ടിയിടിച്ചത്.
രണ്ടും ഫാസ്റ്റ് പാസഞ്ചര്‍ ബസുകളായിരുന്നതിനാല് ഇരു വാഹനങ്ങളും നല്ല വേഗതയിലായിരുന്നുവെന്നും പറയപ്പെടുന്നു. രണ്ടു ബസുകളുടെയും ഡ്രൈവര്‍ കാബിന് പൂര്‍ണമായും തകര്‍ന്നതോടെ ഡ്രൈവര്‍മാര്‍ സ്റ്റിയറിംഗിലും സീറ്റിനുമിടയിലായി കുടുങ്ങിപ്പോയി.മണിക്കൂറുകളോളം ഇതുവഴിയുള്ള വാഹനഗതാഗതവും തടസപ്പെട്ടു.
ടിബി ജംഗ്ഷനും ആലുംമൂട് ജംഗ്ഷനും മധ്യേയുണ്ടായ ബൈക്ക് അപകടത്തില്‍ പൊലിഞ്ഞത് നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഓഫീസിലെ ഗ്രേഡ് എസ്ഐ യുടെ ജീവനാണ്. ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയാണുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഈ അപകടം ഒഴികെ ബാക്കി സംഭവിച്ചതെല്ലാം രാത്രിയിലോ പുലർച്ചയിലുമാണ്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടങ്ങളുടെ പ്രധാന കാരണമായി നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. ബാലരാമപുരം വരെ മാത്രമേ പാത വികസനം സാധ്യമായിട്ടുള്ളൂ.
ബാലരാമപുരത്തു നിന്ന് നെയ്യാറ്റിന്‍കര വരെയുള്ള പാത പൊതുവേ വീതി കുറഞ്ഞതുമാണ് ഈ പാതയിലെ സ്ഥിരം അപകട കേന്ദ്രമായ മരുത്തൂര്‍ പാലത്തില്‍ രണ്ടു ബസുകള്‍ക്ക് ഒരേസമയം അങ്ങോട്ടുമിങ്ങോട്ടും സുഗമമായി കടന്നുപോകാനുള്ള ഇടമില്ല. പാത വികസനം അനിശ്ചിതമായി നീട്ടു കൊണ്ടു പോകാതെ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പെട്ടു.