ഐ.എം.വിജയനും സംഘവും വീണ്ടും ബൂട്ട് കെട്ടുന്നു
1377478
Monday, December 11, 2023 12:21 AM IST
തിരുവനന്തപുരം: കേരളത്തിന്റെ കാല്പന്തുകളിയിലെ രാജകുമാരൻ ഐ.എം വിജയൻ ഉൾപ്പെടെയുള്ള മുൻകാല ഫുട്ബോൾ ഹീറോസ് വീണ്ടും മത്സരത്തിനിറങ്ങുന്നു. പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന കിംസ് ഹെൽത്ത് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനോട് അനുബന്ധിച്ചാണ് മുൻ ഇന്ത്യൻ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും ഉൾപ്പെടുന്ന ടീമുകൾ തമ്മിൽ ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ മതസരത്തിനിറങ്ങുന്നത്.
19 ന് വൈകുന്നേരം 4.30 ന് നടക്കുന്ന പ്രദർശന മത്സരത്തിൽ മിന്നും താരങ്ങളായിരുന്ന ഐ.എം. വിജയൻ, ജോപോൾ അഞ്ചേരി, യു. ഷറഫലി, ജിജു ജേക്കബ്, കുരികേശ് മാത്യു, മാത്യു വർഗീസ്, പി.പി. തോബിയാസ്, കെ.ടി. ചാക്കോ, ശ്രീഹർഷൻ, അലക്സ് എബ്രഹാം, അപ്പുക്കുട്ടൻ, വി.പി. ഷാജി, എം. സുരേഷ്, ആസിഫ് സഹീർ, അബ്ദുൾ റഷീദ്, ഗണേഷ്, ഇഗ്നേഷ്യസ്, ജോബി, സുരേഷ് കുമാർ, എബിൻ റോസ് എന്നിവർ കളിക്കളത്തിലിറങ്ങും.
ഐ.എം.വിജയൻ ഇലവനും ജോപോൾ അഞ്ചേരി ഇലവനും തമ്മിലുള്ള മത്സരം കാല്പന്തുകളിയുടെ പോരാട്ടവീര്യം ഫുട്ബോൾ പ്രേമികൾക്ക് സമ്മാനിക്കുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ.സാനുവും അറിയിച്ചു. മാധ്യമപ്രവർത്തകർക്കായി നടത്തുന്ന കിംസ് ഹെൽത്ത് ട്രോഫി ഫുട്ബോൾ ടൂർണമെന്റിന്റെ കിക്കോഫ് 16 ന് വൈകുന്നേരം നാലിന് നടക്കും.
ഉദ്ഘാടന, സമാപന സമ്മേളനങ്ങളിലും മത്സരങ്ങളിൽ താരങ്ങളെ പരിചയപ്പെടുന്നതിനും മുഖ്യാതിഥികളായി കേന്ദ്ര മന്ത്രി വി. മുരളീധരൻ, മുൻ മന്ത്രിമാരായ എം. വിജയകുമാർ, എം.എം.ഹസൻ, മുൻ എം.പി പന്ന്യൻ രവീന്ദ്രൻ, കിംസ് ഹെൽത്ത് ചെയർമാൻ ഡോ. എം.ഐ.സഹദുള്ള, ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബ്, മുൻ ഡിജിപിമാരായ ഋഷിരാജ് സിംഗ്, ആനന്ദകൃഷ്ണൻ, എ ഡി ജി പി യോഗേഷ് ഗുപ്ത, വിഴിഞ്ഞം സീപോർട്ട് സി. എം.ഡി ദിവ്യ എസ്.അയ്യർ, കിംസ് ഹെൽത്ത് സിഇഒ രശ്മി ആയിഷ എന്നിവർ പങ്കെടുക്കും.