ജീവിതത്തിന്റെ നിറങ്ങളുമായി കല്യാണി
1377471
Monday, December 11, 2023 12:08 AM IST
തിരുവനന്തപുരം: പൂക്കളെ മോഹിക്കുന്ന, പുഷ്പങ്ങൾ ചിതറിയ ഭൂമി സ്വപ്നം കാണുന്ന പെണ്‍കുട്ടിക്ക് തീക്ഷ്ണമായ കണ്ണുകളുണ്ട്. ചുവപ്പ് വർണത്തിൽ തുടിച്ച് നിൽക്കുകയാണ് ആ കാൻവാസിലെ സുന്ദരി... പെണ്‍കുട്ടിയുടെ മുഖത്ത് സൂക്ഷിച്ചു നോക്കുന്പോൾ ചിത്രകാരി കല്യാണിയുടെ മുഖവും സ്വ്പനങ്ങളും എവിടെയോ സ്പന്ദിക്കുന്നുമുണ്ട്.
വർണങ്ങളിൽ ജീവിക്കുന്ന ബിരുദ വിദ്യാർഥിനിയായ കല്യാണി എന്ന ചിത്രകാരിയും ’ലിവിംഗ് ഇൻ കളേഴ്സ്’ എന്ന കല്യാണിയുടെ പെയിന്റിംഗ് എക്സിബിഷനും വൈവിധ്യങ്ങളേറെ. വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ചിത്രകലാശാല ആർട്ട് അക്കാദമി ഹാളിൽ കല്യാണിയുടെ ആദ്യ പെയിന്റിംഗ് എക്സിബിഷന് ഇന്നലെ തുടക്കമായി.
കഴിഞ്ഞ രണ്ട് വർഷങ്ങൾകൊണ്ട് കല്യാണി വരച്ച അൻപതു പെയിന്റിഗുകളാണ് പ്രദർശനത്തിനുള്ളത്. ആസ്വാദകരെ വിസ്്മയിപ്പിക്കുന്നതാണ് ചിത്രകലയിൽ ഗുരുക്കന്മാർ ഇല്ലാത്ത കല്യാണി വരച്ചിട്ടിരിക്കുന്ന ചിത്രങ്ങൾ. പ്രണയവും കാത്തിരിപ്പും ആശങ്കയും വിങ്ങലും ക്രൗര്യവും കല്യാണിയുടെ സ്ത്രീ മുഖങ്ങളിൽ തെളിഞ്ഞ് കാണുന്നു.
കുതിരയ്ക്കും പുലി മുഖത്തിനും ഇതേ തീക്ഷ്ണതയുണ്ട്. പ്രിയതമനുവേണ്ടി പല്ലക്കിൽ അണിഞ്ഞൊരുങ്ങി ഇരിക്കുന്ന നവവധുവിന്റെ കണ്ണുകളിൽ ഒരു കടൽ സ്വപ്നങ്ങളാണ്. ’റെഡി ഫോർ ഹിസ് അറൈവൽ’ എന്ന പെയിന്റിംഗിലെ പെണ്‍കുട്ടിക്കും ചിത്രകാരിയുടെ സാദൃശ്യം! കാൻവാസിലേക്കു ആത്മാംശം വന്ന് നിറയുന്നത് ബോധപൂർവമല്ല എന്ന് കല്യാണി പറയുന്നു.
കന്പാനിയൻ എന്ന പെയിന്റിംഗിൽ സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നതിന്റെ ജാഗ്രതയാണ് യുവ ചിത്രകാരി സൂക്ഷ്മമായി ആവിഷ്കരിക്കുന്നത്. ചെന്പരത്തി പൂക്കൾക്കും മുൾച്ചെടികൾക്കും നടുവിൽ നിൽക്കുന്ന പെണ്‍കുട്ടിക്കു പ്രകൃതിയുടെ നൈർമല്യമൂറുന്ന ചെന്പരത്തിപൂക്കളെ വേണമെങ്കിൽ ഹൃദയത്തിൽ ചേർക്കാം.
ഇല്ലെങ്കിൽ കൈയും മനവും കീറിമുറിക്കുന്ന ക്രൂരമുള്ളുകളെ ആശ്ലേഷിക്കാം. ജീവിതത്തിന്റെ മൃദുലതയും വിഷമുള്ളിന്റെ കടുപ്പവും കാൻവാസിലെ പെണ്മുഖത്തിലുണ്ട് എന്നത് കല്യാണി എന്ന ചിത്രകാരിയുടെ സവിശേഷതയാണ്.
മയിലും മഴയും ചിത്രശലഭങ്ങളും കുട്ടി മുഖങ്ങളും കൊണ്ട് കാൻവാസുകളെ ആഘോഷമാക്കുകയും ചെയ്യുന്നുണ്ട് ചിത്രകാരി. അച്ഛൻ അനിൽ റോയി, അമ്മ ഷീന എന്നിവരുടെ നിറഞ്ഞ പിന്തുണ കല്യാണിയ്ക്കൊപ്പമുണ്ട്. രാവിലെ 11 മുതൽ വൈകിട്ട് ആറുവരെയാണ് പ്രദർശന സമയം. പ്രദർശനം 12 വരെ തുടരും.