നേമം മേഖലയില്‍ തെരുവ് നായ ശല്യം വർദ്ധിക്കുന്നു; നടപടിയെടുക്കാതെ നഗരസഭ
1377468
Monday, December 11, 2023 12:07 AM IST
നേമം : നഗരസഭ നേമം മേഖലയിലെ അഞ്ച് വാര്‍ഡുകളില്‍ തെരുവ് നായ ശല്യം രൂക്ഷമെന്ന് പരാതി. തെരുവ് നായകള്‍ നാട്ടുകാര്‍ക്ക് ഭീഷണിയായി മാറിയിട്ടും ഇവയെ പിടികൂടുന്നതിന് നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
പാപ്പനംകോട് വിശ്വംഭരന് റോഡ്, മഠത്തില്‍ ഭഗവതി ക്ഷേത്രത്തിന് സമീപം, ശ്രീരാഗം റോഡ്, വ്യവസായ എസ്റ്റേറ്റ്, കോലിയക്കോട്, കാരയ്ക്കാമണ്ഡപം, പൂഴിക്കുന്ന്, സ്റ്റുഡിയോറോഡ്, സത്യന്‍നഗര്‍, കൈമനം, കരുമം റോഡ് തുടങ്ങിയ സ്ഥലങ്ങളില്‍ തെരുവ് നായ്ക്കള്‍ പെരുകുകയാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും റോഡില്‍ പതിവായി തള്ളുന്ന സ്ഥലങ്ങളിലാണ് തെരുവുനായ്ക്കള്‍ കേന്ദ്രീകരിക്കുന്നത്. മുമ്പ് പ്രദേശങ്ങളില്‍ പലരെയും തെരുവ് നായ്ക്കള്‍ കടിച്ചിട്ടുമുണ്ട്. റോഡുവഴി കൂട്ടമായി അലയുന്ന തെരുവുനായ്ക്കള്‍ പ്രദേശങ്ങളില്‍ പതിവ് കാഴ്ചയാണ്. തമ്മിൽ കടിപിടി കൂടിയും വഴിയാത്രക്കാരെ കുരച്ചുകൊണ്ട് വിരട്ടുകയും ചെയ്ത് വിലസുകയാണ് തെരുവുനായകള്‍.
കാരയ്ക്കാമണ്ഡപം, വെള്ളായണി, നേമം ഭാഗങ്ങളില്‍ നിരവധി ഇറച്ചിവെട്ട് കടകളും വില്‍പ്പന കേന്ദ്രങ്ങളുമുണ്ട് ഈ പരിസരങ്ങളിലും മാംസാവശിഷ്ടങ്ങള്‍ കിട്ടുന്നതിനാല്‍ നായ്ക്കളുടെ എണ്ണം കൂടുതലാണ്.