സിബിഎല്‍ ചാമ്പ്യന്‍ഷിപ്പും പ്രസിഡന്റ്സ് ട്രോഫിയും വീയപുരം ചുണ്ടന്
1377252
Sunday, December 10, 2023 2:26 AM IST
കൊല്ലം : അഷ്ടമുടി കായലിനെയും ആയിരക്കണക്കിന് കാണികളെയും സാക്ഷിയാക്കി പ്രസിഡന്റ് സ് ട്രോഫിയും സി ബി എല്‍ കിരീടവും കരസ്ഥമാക്കി പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ജലവീരന് വീയപുരം ചുണ്ടന്. ദേശിംഗനാടിനെ ആവേശത്തിലാഴ്ത്തി ഒന്‍പതാമത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവവും ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി ബി എല്‍) മൂന്നാം എഡിഷന്റെ ഫൈനലും കൊല്ലത്ത് അഷ്ടമുടിക്കായലില്‍ അരങ്ങേറി. 12 മത്സരങ്ങളില്‍ നിന്നായി 116 പോയിന്റുകള്‍ കരസ്ഥമാക്കിയാണ് വീയപുരം ചുണ്ടന് ചാമ്പ്യന്മാരായത്.
ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ചവെച്ച് 109 പോയിന്റുമായി യുണൈറ്റഡ് ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടന് സി ബി എല്‍ മത്സരങ്ങളില്‍ രണ്ടാം സ്ഥാനതെത്തി. 89 പോയിന്റുകളുമായി കേരള പോലീസ് ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ മൂന്നാംസ്ഥാനതെത്തി. ഫൈനല്‍ മത്സരത്തില്‍ 4.18 സെക്കന്‍ഡില്‍ ലക്ഷ്യസ്ഥാനത്തെത്തി വീയപുരം ചുണ്ടന് പ്രസിഡന്റ്സ് ട്രോഫി ഉറപ്പിച്ചപ്പോള്‍ .4.19 സെക്കന്‍ഡില്‍ ലക്ഷ്യസ്ഥാനത്ത് എത്തിയ പോലീസ് ബോട്ട് ക്ലബിന്റെ മഹാദേവിക്കാട് കാട്ടില്‍ തെക്കേതിലും, 4.22 സെക്കന്‍ഡില്‍ ഫിനിഷിംഗ് പോയിന്റിലേക്ക് കുതിച്ച പുന്നമട ബോട്ട് ക്ലബിന്റെ കാരിച്ചാല്‍ ചുണ്ടനും യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
മത്സരങ്ങളുടെ ഭാഗമായി വനിതകളുടെ മൂന്ന് വള്ളങ്ങള്‍ അടക്കം ഒന്‍പത് ചെറുവള്ളങ്ങളുടെ മത്സരവും നടന്നു.
ചെറുവള്ളങ്ങള്‍ക്കിടയില്‍ ഇരുട്ടുകുത്തി ബി ഭാഗത്തില്‍ ഡാനിയലും , ഇരുട്ടുകുത്തി എ വിഭാഗത്തില്‍ മൂന്നുതൈക്കനും കരുത്ത് തെളിയിച്ചപ്പോള്‍ തെക്കനോടി വനിതകളുടെ മത്സരത്തില്‍ ദേവസ്ജേതാക്കളായി. സി ബി എല്‍ ജേതാക്കള്‍ക്ക് 25 ലക്ഷമാണ് സമ്മാനത്തുക. രണ്ടാം സ്ഥാനത്തിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് 10 ലക്ഷം രൂപയും ലഭിക്കും. പ്രസിഡന്റ്സ് ട്രോഫി ജേതാവിന് അഞ്ച് ലക്ഷം ആണ് സമ്മാനം. രണ്ടാം സ്ഥാനത്തിന് മൂന്ന് ലക്ഷവും മൂന്നാം സ്ഥാനത്തിന് ഒരു ലക്ഷവും വീതമാണ് സമ്മാനം.