നാം ഒന്ന് എന്നതാണ് ഇന്ത്യ ലോകത്തിനു നൽകുന്ന സന്ദേശം: മാർ ക്ലീമിസ് ബാവ
1377250
Sunday, December 10, 2023 2:26 AM IST
തിരുവനന്തപുരം: ഇന്ത്യയെന്ന വലിയ കുടംബം ലോകത്തിനു നൽകിയിട്ടുള്ള ഏറ്റവും വലിയ സന്ദേശം നാം ഒന്നാണ് എന്നതാണെന്ന് മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവ.
തിരുവനന്തപുരം പുത്തിരിക്കണ്ടം മൈതാനത്തു സംഘടിപ്പിച്ച ലൂഥറൻ മഹാസംഗമത്തിൽ മുഖ്യസന്ദേശം നൽകി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാം ഒറ്റപ്പെട്ട തുരുത്തകളല്ല, ഒരു മഹാ കുടുംബമാണ്. ദാരിദ്ര്യത്തെ ദാരിദ്ര്യം എന്നു വിളിക്കാൻ, ഐശ്വര്യം ചൂണ്ടിക്കാട്ടുന്പോൾ ഐശ്വര്യമെന്നു പറയുവാൻ ദൈവസാന്നിധ്യത്തെ ദൈവസാന്നിധ്യമെന്ന് അടയാളപ്പെടുത്താൻ കഴിയുന്ന ഒരു സംസ്കാരമാണ് നമുക്കുള്ളത്. അതിൽ ജീവിക്കാൻ ഭാഗ്യം ചെയ്തവരാണ് നമ്മൾ എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഇവാൻജലിക്കൽ ലൂഥറൻ ചർച്ച് (ഐഇഎൽസി) പ്രസിഡന്റ് റവ.ഡോ. പ്രീസ്ലി ബാലാസിംഗ് മഹാസംഗമം ഉദ്ഘാടനം ചെയ്തു. സഭയുടെ ഔദ്യോഗിക മാസികയായ ക്രിസ്ത്യാനിയുടെ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പതിനായിരക്കണക്കിനു വിശ്വാസികളും പുരോഹിതരും സംഗമത്തിൽ പങ്കെടുത്തു. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാരംഭിച്ച മഹാറാലി റവ. മോഹൻ മാനുവൽ ഉദ്ഘാടനം ചെയ്തു.
എ.പി. അനിൽകുമാർ എംഎൽഎ, കെ. ആൻസലൻ എംഎൽഎ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, റവ. ഡോ. പി.ആർ. സെൽവരാജ്, റവ. വൈ.കെ. മോഹൻദാസ്, റവ. ജെ. മോഹൻ രാജ്, റവ. കെ.എസ്. ഡേവിഡ്സണ്, ഐഇഎൽസി ജനറൽ സെക്രട്ടറി എസ്.കെ. സ്റ്റാലിൻ തുടങ്ങിയവർ പ്രസംഗിച്ചു.