വിളയിൽമൂലയിൽ സംഘർഷം; അഞ്ചുപേർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം
1377247
Sunday, December 10, 2023 2:26 AM IST
തിരുവനന്തപുരം: വിളയിൽമൂല പള്ളിമുക്ക് റോഡിൽ മദ്യപ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ചുപേർക്ക് കുത്തേറ്റു. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം.
കീഴാറ്റിങ്ങൽ സ്വദേശികളായ സിജു, രാജേഷ്, ജിക്കു, ബിനോഷ്, പ്രതീഷ് എന്നിവർക്കാണ് കുത്തേറ്റത്. പ്രദേശത്തു തന്നെയുള്ള സവിൻ പ്രകാശിന്റെ നേതൃത്വത്തിലുള്ള അക്രമി സംഘമാണ് ഇവരെ കുത്തിപരിക്കേൽപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. വിളയുംമൂല ജംഗ്ഷനിൽ നിന്നും പള്ളിമുക്കിലേക്ക് പോകുന്ന വഴിയിൽ ഏലാ കരയ്ക്ക് സമീപത്താണ് സംഘർഷം നടന്നത്. ഇരു വിഭാഗങ്ങളും മദ്യലഹരിയിലായിരുന്നു.
പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. മുൻ വൈരാഗ്യമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. കടയ്ക്കാവൂർ പോലീസ് അന്വേഷണം ആരംഭിച്ചു.