സ്കൂൾ വിദ്യാർഥികളെ നവകേരള സദസിന്റെ വിളംബര ജാഥയിൽ പങ്കെടുപ്പിച്ചത് വിവാദത്തിൽ
1377241
Sunday, December 10, 2023 2:25 AM IST
നെടുമങ്ങാട് : അദ്ധ്യന സമയത്ത് വിദ്യാർഥികളെ നവകേരള സദസിന്റെ വിളംബര ജാഥയിൽ പങ്കെടുപ്പിച്ചതായി പരാതി. സദസിന്റെ പ്രചരണാർഥം നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്നുമണിക്ക് ഫ്ലക്സും പ്ലക്കാർഡുകളും നൽകി നെടുമങ്ങാട് ടൗണിലൂടെ വിളംബര ജാഥക്ക് അണി നിരത്തിയതാണ് വിവാദമാകുന്നത്.
ജാഥ നടത്തിയ സമയം മഴപെയ്തതോടെ കുട്ടികൾ മുഴുവൻ നനഞ്ഞതായും പരാതിയുണ്ട്. സ്കൂൾ പഠന സമയത്ത് പാഠ്യേതര വിഷയങ്ങളിലും, ജാഥകളിലും പങ്കെടുപ്പിക്കരുതെന്ന് സർക്കാർ ഉത്തരവ് നിലനിൽക്കുകയാണ് രാഷ്ട്രീയക്കാരായ ചില അധ്യാപകരുടെയും പിടിഎ ഭാരവാഹികളുടെയും നേതൃത്വത്തിൽ ഇത്തരം പ്രവർത്തനം നടത്തുന്നതെന്നാണ് ആക്ഷേപം.
19 വരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂൾ വിദ്യാർഥിനികളെ കൊണ്ട് ഫ്ലാഷ് മോബ് നടത്തുവാനാണ് തീരുമാനമെന്നും പൊതുവേ ആക്ഷേപമുണ്ട്.
അധികൃതർ വിദ്യാർഥികളെ നവ കേരള സദസിന്റെ പ്രചാരണത്തിന് ഉപയോഗിക്കുവാനുള്ള നടപടിയിൽ നിന്ന് പിന്മാറണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് ആവശ്യപ്പെട്ടു.