ഗണപതിയുടെ ഭിന്നഭാവങ്ങളുമായി മായാ രാജു
1377240
Sunday, December 10, 2023 2:25 AM IST
തിരുവനന്തപുരം: തന്പുരുമീട്ടുന്ന ഗണപതി ആനന്ദ നൃത്തമാടുന്ന ഗണപതി പുല്ലാങ്കുഴലിൽ മധുര നാദം പൊഴിക്കുന്ന ഗണപതി, ആനയുടെ തുന്പിക്കൈയിൽ നിന്ന് അനുഗ്രഹം ചൊരിയുന്ന ഗണപതി. ഇങ്ങനെ വ്യത്യസ്തങ്ങളായ എഴുപതോളം ഗണപതി പെയിന്റിഗുകളുമായി മായ രാജു സൂര്യയുടെ ചിത്രകലാ മണ്ഡപത്തെ ചൈതന്യ ധന്യമാകുന്നു.
സൂര്യമേളയുടെ ഭാഗമായി തൈക്കാട് ഗണേശത്തിൽ നടന്നു വരുന്ന കേരള ആർട്ട് ഗേറ്റിൽ ആണ് മായാ രാജുവിന്റെ വർണം ചൊരിയുന്ന ഗണപതി ചിത്രങ്ങൾ കഴിഞ്ഞ 40 വർഷങ്ങളായി ദുബായിൽ താമസമാക്കിയിട്ടുള്ള മായാ രാജു സൂര്യയുടെ ആർട്ട് ഗേറ്റിൽ പങ്കെടുക്കുവാനായാണ് ഇപ്പോൾ തലസ്ഥത്തെത്തിയിട്ടുള്ളത്.
ദുബായിയിൽ ഇൻഷ്വറൻസ് കന്പനിയിൽ ജോലി നോക്കിയിരുന്ന ചിത്രകാരി ഉദ്യോഗത്തിൽ നിന്നും വിരമിച്ചതോടെയാണ് നിറങ്ങളുടെ ലോകത്തെത്തുന്നത്. സ്വസ്തിക മ്യൂറൽസി(ഗുരുവായൂർ)ലെ ഗുരു ദിലീപ്, ഹരി എന്നിവരാണ് ഗുരുക്ക·ാർ.
ഭർത്താവും ദുബായിൽ ഉദ്യോഗസ്ഥനുമായിരുന്ന രാജുവിന്റെയും മകൻ ദേവിന്റെയും മകൾ ദിവ്യയുടെയും കുടുംബത്തിന്റെയും നല്ല പിന്തുണ മുന്നോട്ട് നയിക്കുന്നുവെന്ന് മായാരാജു.
മായാ രാജുവിന്റെ ചില ഗണപതിചിത്രങ്ങൾ ഭക്തിനിർഭരതയാണ് സൃഷ്ടിക്കുന്നതെങ്കിൽ ചിലത് ഏറെ കൗതുകകരമാണ്. മനുഷ്യകുഞ്ഞിനെ പോലെ കമിഴ്ന്ന് കിടന്നുറങ്ങുന്ന ഉണ്ണി ഗണപതി പെയിന്റിംഗ് വളരെ ഓമനത്തം നിറഞ്ഞതാണ്.ഗണപതി ചിത്രങ്ങൾക്കൊപ്പം ശ്രീകൃഷ്ണന്റെയും ലക്ഷ്മിദേവിയുടെയും അർധനാരീശ്വരന്റെയും പെയിന്റിംഗുകളും ശ്രദ്ധ ആർഷിക്കുന്നു.
കേരള ആർട്ട് ഗേറ്റിൽ പ്രഫ. കാട്ടൂർ നാരായണപിള്ള, കാരയ്ക്കാമണ്ഡപം വിജയകുമാർ, ടി.ആർ. ഉദയകുമാർ എന്നിവരുടെ പെയിന്റിംഗുകളും ആസ്വാദക ശ്രദ്ധനേടുന്നു.
ഇന്നു വൈകിട്ട് അഞ്ച് മുതൽ രാത്രി എട്ടുവരെ പ്രദർശനം തുടരും.
സ്വന്തം ലേഖിക