ഒരാഴ്ചയ്ക്കിടെ രണ്ടു കേസുകളിൽ വിധിപറഞ്ഞ് നെടുമങ്ങാട് പോക്സോ കോടതി
1377235
Sunday, December 10, 2023 2:25 AM IST
നെടുമങ്ങാട്: പോക്സോ കോടതിയിൽ ഒരാഴ്ചയ്ക്കിടെ രണ്ട് ശിക്ഷാവിധികൾ . ഈമാസം നാലിനു ശിക്ഷ വിധിച്ച കേസിൽ അഞ്ചുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 11 വർഷം കഠിന തടവും 35,000 രൂപ പിഴയും വിധിച്ചു.
എട്ടിനു വിധി പറഞ്ഞ കേസിൽ പതിനാലുകാരിയെ പീഡിപ്പിച്ച പ്രതിക്ക് മൂന്നുവർഷം തടവും 25,000 രൂപ പിഴയും നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (പോക്സോ ) ജഡ്ജ് സുധീഷ് കുമാർ വിധിച്ചു.
2016ലാണ് 11 വർഷം ശിക്ഷ വിധിച്ച കേസിനാസ്പദമായ സംഭവം. 19 സാക്ഷികളുണ്ടായിരുന്ന കേസിൽ 16 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷൻ 16 രേഖകളും ഹാജരാക്കി. 2017ലാണ് മൂന്നുവർഷം തടവ് വിധിച്ച സംഭവം നടന്നത്.
13 സാക്ഷികളുണ്ടായിരുന്ന കേസിൽ 10 സാക്ഷികളെ വിസ്തരിച്ചു. രണ്ട് കേസുകളിലും പ്രോസിക്യൂഷന് വേണ്ടി സരിത ഷൗക്കത്തലിയും ലൈസൻ ഓഫീസർ സുനിതകുമാരിയും ഹാജരായി.