ഉല്ലാസയാത്ര പോയ വിദ്യാര്‍ഥി നദിയില്‍ വീണ് മരിച്ചു
1377074
Saturday, December 9, 2023 10:38 PM IST
പേരൂര്‍ക്കട: ഉല്ലാസയാത്ര പോയ വിദ്യാര്‍ഥി നദിയില്‍ വീണ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. വളളക്കടവ് പളളം ഹൗസ് ഹക്കീം മന്‍സിലില്‍ ഷാനവാസ്-ജനീഫാ ദമ്പതികളുടെ മകന് നജാഫ് (16) ആണ് മരിച്ചത്.
തിരുവനന്തപുരം മോഡല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് . വളളക്കടവിലെ സ്വകാര്യ ട്യൂഷന് സെന്ററിലെ വിദ്യാര്‍ഥിയായ ഇയാള്‍ മറ്റുള്ള കുട്ടികള്‍ക്കൊപ്പം കന്യാകുമാരി ജില്ലയിലെ മാര്ത്താണ്ഡത്തുളള മാത്തൂര്‍ തൊട്ടിപ്പാലത്ത് ഉല്ലാസയാത്ര പോകുകയായിരുന്നു.
നജാഫും കൂട്ടുകാരും തൊട്ടിപ്പാലത്തിനു സമീപത്തുളള ആറ്റിന്റെ കരയില്‍ നില്‍ക്കുന്നതിനിടെയാണ് ഇയാള്‍ കാല് വഴുതി ആറ്റിലേയ്ക്ക് വീണത്. കൂടെയുണ്ടായിരുന്നവര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ ആറ്റില്‍ പരിശോധന നടത്തിയെങ്കിലും നജാഫിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് സ്കൂബ സംഘം നടത്തിയ ശ്രമത്തെത്തുടര്‍ന്ന് രാത്രി വൈകി കണ്ടെത്തുകയായിരുന്നു. മൃതദേഹം നാഗര്‍കോവില്‍ ആശാരിപ്പളളം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും. സഹോദരങ്ങള്‍: നാസിഫ , ഇസാ മുഹമ്മദ്.