കലാകിരീടം സൗത്തിന്
1376883
Saturday, December 9, 2023 12:21 AM IST
തിരുവനന്തപുരം: കൗമാരകലയുടെ സൗന്ദര്യചെപ്പുതുറന്ന നാല് ദിനരാത്രങ്ങള്‍ക്കു പരിസമാപ്തി. അരങ്ങിലെ ആവേശപ്പോരിലൂടെ ആറ്റിങ്ങല്‍ നഗരത്തെ കലയുടെ ഉത്സവ ലഹരിയിലാഴ്ത്തിയ റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവത്തിന് തിരശീല വീണപ്പോള്‍ കലാകിരീടം ചൂടിയത് തിരുവനന്തപുരം സൗത്ത് ഉപജില്ല. വീറും വാശിയും നിറഞ്ഞ പോരാട്ടത്തില്‍ 840 പോയിന്റുമായി എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് തിരുവനന്തപുരം സൗത്ത് കലാകിരീടമണിഞ്ഞത്.
762 പോയിന്റ് നേടിയ കിളിമാനൂര്‍ ഉപജില്ലയാണ് രണ്ടാം സ്ഥാനക്കാര്‍. ആദ്യദിനം മുതല്‍ മികച്ച പ്രകടനം കാഴ്ചവച്ച തിരുവനന്തപുരം നോര്‍ത്ത് 714 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തിയപ്പോള്‍ 682 പോയിന്റുമായി പാലോട് ഉപജില്ല നാലാം സ്ഥാനത്തും 669 പോയിന്റുകള്‍ സ്വന്തമാക്കി ആതിഥേയരായ ആറ്റിങ്ങല്‍ ഉപജില്ല അഞ്ചാം സ്ഥാനത്തും ഫിനിഷ് ചെയ്തു.
ഏറ്റവും കുടുതല്‍ പോയിന്റുകള്‍ നേടിയ സ്കൂളുകളുടെ വിഭാഗത്തില്‍ ആദ്യദിനം മുതല്‍ അരങ്ങേറിയ ഇഞ്ചോടിഞ്ചു പോരാട്ടത്തില്‍ കിളിമാനൂര്‍ കടുവയില്‍ കെടിസിടി ഇഎംഎച്ച്എസ്എസിനെ പിന്നിലാക്കി 241 പോയിന്റുമായി വഴുതക്കാട് കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഒന്നാമതെത്തി. 228 പോയിന്റുമായി കിളിമാനൂര്‍ കടുവയില്‍ കെടിസിടി ഇഎംഎച്ച്എസ്എസാണ് രണ്ടാം സ്ഥാനത്ത്. 193 പോയിന്റുമായി പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
യുപി വിഭാഗത്തില്‍ 146 പോയിന്റുവീതം നേടിയ പാലോട്, നെടുമങ്ങാട് ഉപജില്ലകള്‍ ഒന്നാംസ്ഥാനം പങ്കിട്ടു. 145 പോയിന്റുകള്വീതം സ്വന്തമാക്കി തിരുവനന്തപുരം സൗത്തും കിളിമാനൂര്‍ ഉപജില്ലയും രണ്ടാംസ്ഥാനവും പങ്കിട്ടു. 121 പോയിന്റ് നേടിയ കണിയാപുരം ഉപജില്ലയാണ് ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തെത്തിയത്.
ഹൈസ്കൂള്‍ വിഭാഗത്തില്‍ 316 പോയിന്റോടെ തിരുവനന്തപുരം സൗത്ത് ഒന്നാമതെത്തിയപ്പോള്‍ 313 പോയിന്റുനേടിയ കിളിമാനൂര്‍ ഉപജില്ല രണ്ടാം സ്ഥാനത്തും 282 പോയിന്റ് നേടിയ തിരുവനന്തപുരം നോര്‍ത്ത് മൂന്നാം സ്ഥാനത്തും ഫിനിഷ് ചെയ്തു.ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 374 പോയിന്റ് നേടി തിരുവനന്തപുരം സൗത്തും 319 പോയിന്റുമായി തിരുവനന്തപുരം നോര്‍ത്തും 304 പോയിന്റുമായി ആറ്റിങ്ങല്‍ ഉപജില്ലയും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തി.
യുപി വിഭാഗം സംസ്കൃതോത്സവത്തില്‍ 90 പോയിന്റുകള്‍ വീതം നേടിയ തിരുവനന്തപുരം സൗത്ത് ഉപജില്ലയും കിളിമാനൂര്‍ ഉപജില്ലയും ഒന്നാംസ്ഥാനം പങ്കിട്ടു. 89 പോയിന്റുമായി പാലോട് ജില്ലയും 88 പോയിന്റുമായി ആറ്റിങ്ങല്‍ ഉപജില്ലയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.
ഹൈസ്കൂള്‍ വിഭാഗം സംസ്കൃതോത്സവത്തില്‍ 88 പോയിന്റുകള്‍ വീതം നേടിയ പാലോട്, കാട്ടാക്കട ഉപജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടു.
80 പോയിന്റുകള്‍ വീതം സ്വന്തമാക്കി കണിയാപുരം, തിരുവനന്തപുരം സൗത്ത് ഉപജില്ലകള്‍ രണ്ടാം സ്ഥാനം പങ്കിട്ടു. 79 പോയിന്റുകള്വീതം നേടിയ തിരുവനന്തപുരം സൗത്തും കിളിമാനൂര്‍ ഉപജില്ലയും ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനക്കാരായി.
യുപി വിഭാഗം അറബിക് കലോത്സവത്തില്‍ 65 പോയിന്റുകള്‍ വീതം സ്വന്തമാക്കി കണിയാപുരം, പാലോട് ഉപജില്ലകള്‍ ഒന്നാം സ്ഥാനം പങ്കിട്ടപ്പോള്‍ 63 പോയിന്റുകള്‍ വീതം നേടിയ ആറ്റിങ്ങല്‍, ബാലരാമപുരം, തിരുവനന്തപുരം നോര്‍ത്ത് ഉപജില്ലകള്‍ രണ്ടാം സ്ഥാനക്കാരായി.
59 പോയിന്റ് നേടിയ തിരുവനന്തപുരം സൗത്ത് ഉപജില്ലയാണ് ഈ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്ത്. ഹൈസ്കൂള്‍ വിഭാഗം അറബിക് കലോത്സവത്തില്‍ 88 പോയിന്റുനേടി കണിയാപുരം ഉപജില്ലയും 87 പോയിന്റുകളുമായി കിളിമാനൂര്‍ ഉപജില്ലയും 86 പോയിന്റുമായി ആറ്റിങ്ങല്‍ ഉപജില്ലയും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
സമാപനസമ്മേളനം ചലച്ചിത്ര പിന്നണിഗായിക ഡോ. ഭാവനാ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. എംഎല്‍എ ഒ.എസ്. അംബിക വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. എസ്. കുമാരി അധ്യക്ഷത വഹി ച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ജെ. തങ്കമണി, വിഎച്ച്എസ്ഇ ഡെപ്യൂട്ടി ഡയറക്ടര്‍ ആർ. സിന്ധു, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്മാര്, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.