അമ്മ മനസിന്റെ ആഴങ്ങള്‍ തേടിയ ജാഹ്നയ്ക്ക് കവിതയില്‍ ഒന്നാം സമ്മാനം
1376882
Saturday, December 9, 2023 12:21 AM IST
തിരുവനന്തപുരം: ""ഒരു പറിച്ചുനടീലുണ്ട്, വേരാഴം ചെന്ന മണ്ണില്‍ നിന്ന് പിഴുതെടുക്കുമ്പോള്‍, തണ്ടോളം ചോര വാര്‍ന്ന് പിടയാറുണ്ട്...'' നന്ദിയോട് എസ്കെവി എച്ച്എസ്എസിലെ ജാഹ്ന വി. ശാന്തിനെ എച്ച്എസ് വിഭാഗം മലയാളം കവിതാരചനയില്‍ ഒന്നാമതെത്തിച്ച വരികളാണിവ. മാതൃവേദനയുടെ ആഴം അക്ഷരങ്ങളില്‍ പ്രതിഫലിപ്പിച്ച ഈ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ചിന്താലോകം അതിവിശാലമാണ്.
അമ്മയിലെ സ്ത്രീത്വം അനുഭവിക്കുന്ന വേദന ആരാധനയോടെ കാണുന്ന ജാഹ്നയുടെ എഴുത്തുകളിലെല്ലാം മാതൃത്വത്തോടുള്ള കടുത്ത ആരാധനയുണ്ട്. മത്സരവേദിയില്‍ "ഒറ്റൊക്കൊരു മരം' എന്ന വിഷയത്തിലെഴുതിയ കവിതയ്ക്കാണ് ഒന്നാം സ്ഥാനം. ഇതില്‍ അമ്മയെ മരത്തോടുപമിച്ചായിരുന്നു ജാഹ്നയുടെ രചന.
എല്‍പി പഠനകാലത്തെഴുതിയ "മന്ദാരപൂക്കളുടെ കഥ' തൊട്ട് മുപ്പതിലേറെ കവിതകളാണ് ഈ മിടുക്കി ഇതുവരെ എഴുതിയത്. മലയാള നാടകമത്സരം, സംസ്കൃതം അഷ്ടപതി, വന്ദേമാതരം എന്നീ മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ച്ചവെച്ച് ജാഹ്ന എ ഗ്രേഡ് സ്വന്തമാക്കി.