രാജ്യാന്തര ചലച്ചിത്ര മേളയെ ഏറ്റെടുത്ത് തലസ്ഥാന നഗരി
1376880
Saturday, December 9, 2023 12:21 AM IST
തിരുവനന്തപുരം: ഉദ്ഘാടന ദിവസംതന്നെ ആവേശം കൊടിയേറിയ രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സരചിത്രങ്ങളുടെ പ്രദർശനങ്ങൾക്ക് ഇന്ന് തുടക്കമാകും. അതിജീവനം, പ്രണയം, ത്രില്ലർ തുടങ്ങിയ സമകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ഏഴ് ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക.
സതേൺ സ്റ്റോം, പവർ അലി, ദി സ്നോ സ്റ്റോം, ഓൾ ദി സയലൻസ്, ആഗ്ര, തടവ്, ഫാമിലി എന്നിവയാണ് ഇന്നത്തെ മത്സരചിത്രങ്ങൾ. ഫാസിൽ റസാഖ് രചനയും സംവിധാനവും നിർവഹിച്ച തടവ് ഡോൺ പാലത്തറ സംവിധാനം ചെയ്ത ഫാമിലി എന്നിവയാണ് മത്സര വിഭാഗത്തിലെ ഇന്നത്തെ മലയാള ചിത്രങ്ങൾ.
അമ്പത് വയസുകാരിയായ അങ്കണവാടി ടീച്ചറായ ഗീതയുടെ ജീവിതമാണ് തടവിന്റെ പ്രമേയം. എഡ്ഗാർഡോ ഡെയ്ക്ക്, ഡാനിയൽ കാസബെ എന്നിവർ സംവിധാനം ചെയ്ത ഒരു കുറ്റാന്വേഷകന്റെ ജീവിതം പറയുന്ന ചിത്രമാണ് സതേൺ സ്റ്റോം. വോളിബോൾ താരമായ പെൺകുട്ടിയുടെ അതിജീവനത്തെ ഇതിവൃത്തമാക്കിയ ലൈല ഹാലയുടെ പോർച്ചുഗീസ് ചിത്രമാണ് പവർ അലി.
മഞ്ഞുവീഴ്ചയിൽ അകപ്പെട്ടു പോയ കസാഖിസ്ഥാൻ യുവാവിന്റെ സംഭവബഹുലമായ കഥയാണ് ദി സ്നോ സ്റ്റോം പങ്കുവയ്ക്കുന്നത്. ഡിയാഗോ ഡെൽ റിയോയുടെ ഓൾ ദി സയലൻസ്, പ്രണയവും ലൈംഗികതയും ചർച്ച ചെയ്യുന്ന ഹിന്ദി ചിത്രം ആഗ്ര എന്നിവയാണ് മറ്റു മത്സരചിത്രങ്ങൾ. വ്യത്യസ്ത വിഭാഗങ്ങളിലായി മൊത്തം 66 ചിത്രങ്ങളാണ് ഇന്ന് പ്രദർശിപ്പിക്കുക.
രഞ്ജൻ പ്രമോദിന്റെ ഓ ബേബി, ഗഗൻ ദേവിന്റെ ആപ്പിൾ ചെടികൾ, സുനിൽമാലൂരിന്റെ വലസൈ പറവകൾ, ശ്രുതി ശരണ്യയുടെ ബി 32 ടു 44, അരവിന്ദന്റെ വാസ്തുഹാര എന്നീ മലയാള ചിത്രങ്ങളും വിവിധ വിഭാഗങ്ങളിലായി ഇന്ന് പ്രദർശിപ്പിക്കും.