തോപ്പില്‍ഭാസി മഹാനായ മനുഷ്യസ്നേഹി: ചലച്ചിത്രതാരം മധു
1376879
Saturday, December 9, 2023 12:21 AM IST
തിരുവനന്തപുരം: മികച്ച നാടകകൃത്തിനും നാടക പ്രവര്‍ത്തകനും സംവിധായകനുമപ്പുറം വലിയ മനസ്സിന്റെ ഉടമയായിരുന്നു തോപ്പില്‍ ഭാസി എന്ന് പ്രശസ്ത ചലച്ചിത്ര നടന് മധു. തോപ്പില്‍ ഭാസി ഫൗണ്ടേഷന്റെ തോപ്പില്‍ ഭാസി അവാര്‍ഡ് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കണ്ണമ്മൂലയിലെ മധുവിന്റെ വസതിയായ ശിവഭവനില്‍ നടന്ന ചടങ്ങില്‍ ഫലകവും മുപ്പത്തി മൂവായിരത്തി മുന്നൂറ്റി മുപ്പത്തിമൂന്ന് രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന തോപ്പില്‍ ഭാസി അവാര്‍ഡ് പന്ന്യന്‍ രവീന്ദ്രന് മധുവിനു സമ്മാനിച്ചു. ചലച്ചിത്ര മേഖലയിലെ മധുവിന്റെ സമഗ്രസംഭാവന പരിഗണിച്ചാണ് അവാര്‍ഡ്.
അവാര്‍ഡ് ലഭിക്കുന്നു എന്നതിനെക്കാള്‍ ഭാസിയുടെ പേരില്‍ ഉള്ള അവാര്‍ഡ് ആണ് ഏറ്റുവാങ്ങിയത് എന്നത് ഈ പുരസ്കാരത്തോടുള്ള ഇഷ്ടം കൂട്ടുകയാണ് എന്ന് മധു പറഞ്ഞു. തോപ്പില്‍ഭാസിയുടെ സംവിധാനത്തില്‍ നിരവധി സിനിമകളില്‍ അഭിനയിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. തോപ്പില്‍ഭാസി തിരക്കഥ എഴുതിയ സിനിമകള്‍ സംവിധാനം ചെയ്തിട്ടുമു ണ്ട്.
സിനിമാനാടക ബന്ധത്തിനപ്പുറം വളരെ അടുത്ത സുഹൃത്തായിരുന്നു തോപ്പില്‍ ഭാസി എന്നും മധു വ്യക്തമാക്കി. മലയാള ചലച്ചിത്ര ലോകത്തെ സമാനതകളില്ലാത്ത മഹാനടന് ആണ് മധു എന്ന് അവാര്‍ഡ് സമ്മാനിച്ച പന്ന്യന്‍ രവീന്ദ്രന് അഭിപ്രായപ്പെട്ടു. ഫൗണ്ടേഷൻ സെക്രട്ടറി ഡോ. വള്ളിക്കാവ് മോഹന്‍ദാസ് പ്രശസ്തിപത്രം വായിച്ചു.
സ്വാഗതസംഘം കണ്‍വീനര്‍ അഡ്വ. എം. എ. ഫ്രാന്‍സിസ്, ഫൗണ്ടേഷന് അംഗം കെ. ദിലീപ് കുമാര്‍, ഭാരത് ഭവന് മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വീട്ടില്‍ വിശ്രമജീവിതം നയിക്കുന്നതിനാലാണ് തോപ്പില്‍ ഭാസി ഫൗണ്ടേഷൻ ഭാരവാഹികള്‍ മധുവിന്റെ വസതിയിലെത്തി അവാര്‍ഡ് സമര്‍പ്പിച്ചത്.
തോപ്പില്‍ഭാസിയുമായി ഗാഢബന്ധം: അടൂര്‍ ഗോപാലകൃഷ്ണന്
തിരുവനന്തപുരം: തോപ്പില്‍ഭാസിയുടെ ആത്മകഥയായ ഒളിവിലെ ഓര്‍മകള്‍ നാടകമായി അവതരിപ്പിച്ചപ്പോള്‍, നാടകത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുവാന്‍ തന്നെയാണ് തോപ്പില്‍ഭാസി തെരഞ്ഞെടുത്ത് എന്ന് അടൂര്‍ ഗോപാലകൃഷ്ണന്.
ഇഎംഎസ്സും വി.എസ്. അച്ചുതാനന്ദനും ഉള്‍പ്പെടെയുള്ള രാഷ്ട്രീയ മഹാരഥന്മാര് വേദിയില്‍ ഉള്ളപ്പോഴാണ് തോപ്പില്‍ ഭാസി തന്നെ ആ വലിയ ദൗത്യം ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തോപ്പില്‍ ഭാസി ഫൗണ്ടേഷന്റെ തോപ്പില്‍ ഭാസി അവാര്‍ഡ് സമര്‍പ്പണ സമ്മേളനവും തോപ്പില്‍ ഭാസി അനുസ്മരണ ചടങ്ങും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.