നെയ്യാറ്റിന്‍കരയില്‍ ശുചിത്വ സൗഹൃദ ജ്വാല തെളിച്ചു
1376873
Saturday, December 9, 2023 12:12 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭയുടെ ശുചിത്വ നഗരം സുന്ദര നഗരം പദ്ധതിക്ക് സ്കൂള്‍ വിദ്യാര്‍ഥികള്‍ ദീപം തെളിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നഗരസഭയുടെ മാലിന്യമുക്ത പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രൂപം കൊടുത്ത പദ്ധതി പ്രകാരമായിരുന്നു നെയ്യാറ്റിന്‍കര ബിആര്‍സി പരിധിയിലെ വിദ്യാലയങ്ങളില്‍ ശുചിത്വ സൗഹൃദ ജ്വാല തെളിച്ചത്.
ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്മാന് പി.കെ രാജമോഹനന് ഉദ്ഘാടനം ചെയ്തു. ശുചിത്വം ഒരു സംസ്കാരമായും ജീവിതത്തില്‍ സ്വീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരസഭ ചെയര്മാന് സ്കൂള്‍ ലീഡര്‍ അനഘയ്ക്ക് സൗഹൃദ ജ്വാല കൈമാറി. ലീഡറില്‍ നിന്നും ക്ലാസ് പ്രതിനിധികള്‍ ദീപം സ്വീകരിച്ചു.
പിടിഎ പ്രസിഡന്റ് സജി കൃഷ്ണന് അധ്യക്ഷനായ യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോ. എം.എ സാദത്ത്, നെയ്യാറ്റിൻകര ബി.പി.സി എം. അയ്യപ്പൻ, പ്രിന്‍സിപ്പാള്‍ ദീപ, ഹെഡ് മിസ്ട്രസ് ആനി ഹെലന്, മാധ്യമപ്രവര്ത്തകന് ഗിരീഷ് പരുത്തിമഠം എന്നിവര്‍ സംബന്ധിച്ചു.