കാട്ടുതേനും കദളിക്കുലയും കാണിക്ക വച്ച് മുണ്ടണിയിലെ വനവാസി അയ്യപ്പന്മാര് മലചവിട്ടി
1376869
Saturday, December 9, 2023 12:12 AM IST
വെള്ളറട: മലവാഴും വനദേവന്‍ കാണിക്കയായി വനവിഭവങ്ങളുമായി കോട്ടൂര്‍ മുണ്ടണിയില്‍ നിന്ന് വനവാസി അയ്യപ്പഭക്തരുടെ യാത്ര. മുണ്ടണി മാടന് തമ്പുരാന് ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷങ്ങളായി നടന്നു വരുന്ന കാടിന്റെ മക്കളുടെ ശബരിമല യാത്രയില്‍ ഇക്കുറി ബാലികാ ബാലന്മാരും മുതിര്‍ന്ന സ്ത്രീകളും. കന്നി അയ്യപ്പന്മാരും ഉള്‍പ്പെടുന്ന നൂറ്റിയിരുപതോളം ഭക്തരുടെ സംഘമാണ് വ്യാഴാഴ്ച മുണ്ടണി ക്ഷേത്രത്തില്‍ നിന്നും കെട്ട് നിറച്ച് യാത്ര തിരിച്ചത്.
ക്ഷേത്ര ട്രസ്റ്റിലെ അംഗങ്ങളും നാട്ടുകാരും സംഘത്തിലുണ്ട്. കുലാചാരങ്ങളുടെ ഭാഗമായി വ്രതശുദ്ധിയോടെ കാട്ടില്‍ നിന്നും ശേഖരിച്ച മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേന്‍, കാട്ടില്‍ വിളഞ്ഞകദളിക്കുല, കാട്ടുകുന്തിരിക്കീ, ഈറ്റയിലും അരിചൂരലിലും മെനെഞ്ഞെടുത്ത പുഷ്പങ്ങള്‍ ശേഖരിക്കാനുള്ള പൂക്കൂടകള്‍, പൂവട്ടികള്‍ തുടങ്ങിയ വനവിഭിവങ്ങള് ഇരുമുടിക്കെട്ടിനൊപ്പം തലയിലെടുത്താണ് അയ്യപ്പസ്വാമിയക്ക് കാഴ്ച്ച വയ്ക്കാനായി ഒപ്പം കൊണ്ടു പോയത്.
ഇവര്‍ക്ക് ദര്‍ശനത്തിനും താമസത്തിനുമുള്ള സൗകര്യം ദേവസ്വം ബോര്‍ഡ് ഒരുക്കാറാണ് പതിവ്. അയ്യപ്പന്മാരെ യാത്ര അയയ്ക്കാനായി വിവിധ കാണി സെറ്റില്‍മെന്റുകളില്‍ നിന്നും ഒട്ടേറെ വനവാസികള്‍ മുണ്ടണി ക്ഷേത്രം മുതല്‍ കോട്ടൂര്‍ ജംഗ്ഷന് വരെ ഘോഷയാത്രയായി അയ്യപ്പന്മാരെ അനുഗമിച്ചു. മടങ്ങിയെത്തുന്ന ഭക്തസംഘം അഗസ്ത്യാര്‍ മുനിയെ വണങ്ങിയാണ് വ്രതം അവസാനിപ്പിച്ച് മാലയൂരുന്നത്.