കിരീടത്തിനരികെ സൗത്ത്
1376617
Friday, December 8, 2023 12:36 AM IST
ആറ്റിങ്ങല്‍: കൗമാര പ്രതിഭകളുടെ മിന്നുന്ന പ്രകടനങ്ങളിലൂടെ അരങ്ങിലെ ആവേശം കൊടുമുടി കയറിയ റവന്യൂ ജില്ലാ കലാത്സവത്തില്‍ പോയിന്റ് പട്ടികയില്‍ തിരുവനന്തപുരം സൗത്ത് ഉപജില്ലയുടെ തേരോട്ടം. 685 പോയിന്റുമായി മറ്റു ഉപജില്ലകളെ ബഹുദൂരം പിന്നിലാക്കിയാണ് സൗത്തിന്റെ മുന്നേറ്റം.
രണ്ടാംദിനത്തില്‍ നോര്‍ത്തിനെ പിൻതള്ളി രണ്ടാം സ്ഥാനത്തേക്കു കയറിയ കിളിമാനൂര്‍ ഉപജില്ല 595 പോയിന്റുമായി രണ്ടാം സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. അട്ടിമറി ലക്ഷ്യമിട്ട് തിരുവനന്തപുരം നോര്‍ത്ത് 586 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. 550 പോയിന്റുമായി പാലോട് ഉപജില്ലയും 545 പോയിന്റുമായി ആതിഥേയരായ അറ്റിങ്ങല്‍ ഉപജില്ലയും നാലും അഞ്ചും സ്ഥാനങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്.
ഏറ്റവും കൂടുതല്‍ പോയിന്റുനേടിയ സ്കൂളുകളുടെ പട്ടികയില്‍ 203 പോയിന്റുമായി വഴുതക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളാണ് ഒന്നാംസ്ഥാനത്ത്. ആദ്യ ദിനത്തില്‍ ഒന്നാം സ്ഥാനത്തായിരുന്ന കടുവയില്‍ കെടിസിടി ഇഎംഎച്ച്എസ് എസ്, കിളിമാനൂര്‍ 189 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 176 പോയിന്റുമായി പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് ആണ് മൂന്നാം സ്ഥാനത്ത്.
160 ഓളം ഇനങ്ങളിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോഴാണ് ഈ നില. 14 വേദികളിലായി ഇന്നു നടക്കുന്ന മത്സരങ്ങള്‍ അവസാനിക്കുന്നതോടെ കഴിഞ്ഞ മൂന്നു ദിവസമായി ആറ്റിങ്ങലിനെ കലയുടെ ഉത്സവ നഗരിയാക്കിയ റവന്യൂ ജില്ലാ കലോത്സവത്തിന് കൊടിയിറങ്ങും.