അരങ്ങില്‍ മത്സരാവേശം:കലാമേളയ്ക്ക് ഇന്ന് കൊടിയിറക്കം
1376614
Friday, December 8, 2023 12:36 AM IST
ആറ്റിങ്ങല്‍: കൗമാരകലയുടെ സൗന്ദര്യ ചെപ്പു തുറന്ന റവന്യൂ ജില്ലാ കലോത്സവ വേദികളില്‍ അരങ്ങുതകര്‍ത്ത് കോഴ ആരോപണങ്ങളും സംഘര്‍ഷങ്ങളും. കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്നലെ വിധി നിര്‍ണയത്തെ ചൊല്ലി പ്രധാനവേദിയായ ഗവണ്മെന്റ് ബോയ്സ് എച്ച്എസ്എസ് ഉള്‍പ്പെടെ ചില വേദികള്‍ സംഘര്‍ഷാന്തരീക്ഷത്തിന്റെ പിടിയിലമര്‍ന്നു.
ദഫ് മുട്ട്, അറബനമുട്ട് മത്സരങ്ങള്‍ നടന്ന ബോയ്സ് സ്കൂളിലെ മൂന്നാം വേദിയാണ് വൈകുന്നേരത്തോടെ സംഘര്‍ഷത്തിന്റെ പിടിയിലമര്‍ന്നത്. വിധിനിര്‍ണയത്തിലെ കോഴ ആരോപണത്തില്‍ തുടങ്ങിയ സംഘര്‍ഷം സംഘാടകരുടെ പിടിവിട്ടുപോയതോടെ പ്രശ്നപരിഹാരത്തിനായി സ്ഥലത്തെത്തിയ ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്സണെ പ്രതിഷേധക്കാര്‍ തടഞ്ഞു.
പോലീസ് ഇടപെട്ടാണ് പ്രതിഷേധക്കാരെ പിരിച്ചുവിട്ടത്. ഹൈസ്കൂള്‍ വിഭാഗം ദഫ്മുട്ട് മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ടീമിനെ തഴഞ്ഞ് മറ്റൊരു ടീമിന് ഒന്നാം സമ്മാനം നല്‍കിയെന്നാരോപിച്ചാണ് രക്ഷിതാക്കളും ടീമുകളുടെ അധ്യാപകരും വിധികര്‍ത്താക്കളുമായി കൊമ്പു കോര്‍ത്തത്. പ്രതിഷേധം തര്‍ക്കമായി, വാക്കേറ്റമായി. ഇതോടെയാണ് ചെയര്‍പേഴ്സണ്‍ സ്ഥലത്തെത്തിയത്.
എന്നാല്‍ സമ്മാനം ലഭിക്കാത്ത ടീമുകളലെ വിദ്യാര്‍ഥികളും അവരുടെ അധ്യാപകരും രക്ഷിതാക്കളും ഒറ്റക്കെട്ടായി വിധി കര്‍ത്താക്കള്‍ക്കു നേരെ തിരിഞ്ഞതോടെ കാര്യങ്ങള്‍ സംഘാടകരുടെ പിടിവിട്ടു. ഇതോടെ ഒരു മണിക്കൂറോളം പ്രധാനവേദിയിൽ സംഘഷമുണ്ടായി.
അരങ്ങില്പടര്ന്ന മത്സരാവേശം അരങ്ങിനു പുറത്തേക്കും നീളുന്ന കാഴ്ചയ്ക്കാണ് മൂന്നാം ദിനം സാക്ഷ്യംവഹിച്ചത്. വഞ്ചിപ്പാട്ട്, മൂകാഭിനയം, പരിചമുട്ട് മത്സരങ്ങള്‍ നടന്ന വേദിയിലും രക്ഷിതാക്കളും മത്സരാര്ഥികളും വിധികര്‍ത്താക്കള്‍ക്കെതിരേ രംഗത്തെത്തി.
രണ്ടാംദിനം മുതല്‍ വേദികളില്‍ കോഴ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നില്ല. എന്നാല്‍ ഇന്നലെ എല്ലാസീമകളും ലംഘിക്കുന്ന പ്രതിഷേധ പരമ്പകള്ക്കാണ് മൂന്നാംദിനം സാക്ഷ്യം വഹിച്ചത്. വിധികര്‍ത്താക്കള്‍ക്കെതിരായ പരാതിക്കൊപ്പം വേദികളിലെ സാങ്കേതിക തകരാറും മത്സരാര്‍ഥികളുടെ പ്രതിഷേധത്തിനിടയാക്കി.
സംഘാടന പിഴവുകള്‍ ഇന്നലെയും വേദികളില്‍ പ്രകടമായി. പ്രതിഷേധത്തെ തുടര്‍ന്ന് വഞ്ചിപ്പാട്ട് വേദി മാറ്റി. കോല്‍ക്കളി വേദിയും കേരള നടനം വേദിയും പരസ്പരം മാറ്റി. അടിമുടി പ്രതിഷേധങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മൂന്നാംദിനം പ്രേക്ഷക പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ജനപ്രിയ ഇനങ്ങളായ മിമിക്രി, മോണോആക്ട് മത്സരങ്ങളാണ് കലോത്സവത്തിന്റെ അവസാന ദിനമായ ഇന്നത്തെ പ്രധാന ഇനങ്ങള്‍.നാലുദിനം നീണ്ട കലോത്സവത്തിന് ഇന്നു തിരശീലവീഴും. സമാപന സമ്മേളനം വൈ കുന്നേരം നാലിന് ഗവ. ബോയ്സ് ഹൈസ്കൂളി ൽ അടൂർ പ്രകാശ് ഉദ്ഘാടനം ചെയ്യും.