പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം : കാരോട് പഞ്ചായത്തില്‍ കോണ്‍ഗ്രസ് അനിശ്ചിതത്വത്തിൽ
1376606
Friday, December 8, 2023 12:15 AM IST
പാറശാല: കോണ്‍ഗ്രസ് ഭരിക്കുന്ന കാരോട് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി തർക്കം രൂക്ഷമാകുമ്പോൾ കോണ്‍ഗ്രസ് നേതൃത്വം അനിശ്ചിതത്വത്തിൽ തുടരുന്നു. പ്രസിഡന്റിനോട് ജില്ലാ നേതൃത്വം തുടര്‍ച്ചയായി രാജി ആവശ്യപ്പെട്ടിട്ടും രാജി വയ്ക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
ജില്ലാ നേതൃത്വം നേരിട്ട് രാജി ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാത്തതിനെ തുടർന്ന് മുൻ പ്രസിഡന്റ് രാജേന്ദ്രന് നായരെ പാർട്ടി സ്ഥാനത്തു നിന്നു പുറത്താക്കിയിരുന്നു. എന്നിട്ടും ഒമ്പതോളം അംഗങ്ങൾ തന്നോടൊപ്പം ഉണ്ടെന്ന വാദത്തോടെ പ്രസിഡന്റ് സ്ഥാനവുമായി രാജേന്ദ്രന് നായർ മുന്നോട്ടു നീങ്ങിയിരുന്നു.
തുടര്‍ന്ന് കോണ്‍ഗ്രസിന്റെ 11 പേരില്‍ അഞ്ചു പേരോളം സിപിഎമ്മിനോട് ഒപ്പം ചേര്‍ന്നുനിന്ന് അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞദിവസം രാജേന്ദ്രന് നായര്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുകയും ചെയ്തു. പ്രസിഡന്റ് രാജിവച്ചതിനെ തുടര്‍ന്ന് പതിമൂന്നാം തീയതി നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ ചര്‍ച്ചയാകുന്നത് വൈസ് പ്രസിഡന്റ് സ്ഥാനമാണ്.
രാജേന്ദ്രന് നായരുടെ രാജിയോട് അനുബന്ധിച്ച് ജില്ലാ നേതൃത്വം അദ്ദേഹത്തിന്റെ സസ്പെന്ഷന് ഉടന്‍തന്നെ പിന്‍വലിച്ചതും കോണ്‍ഗ്രസിനുള്ളില്‍ തന്നെ പടല പിണക്കത്തിനുകാരണമാകുന്നു.
ജില്ലാ നേതൃത്വം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാതിരുന്നതിനെ തുടര്‍ന്ന് അവിശ്വാസ പ്രമേയവുമായി സിപിഎമ്മിന്റെ പിന്തുണയോടെ മുന്നോട്ട് നീങ്ങിയ എതിര്വിവാദത്തിന് ഇതുവന്‍ തിരിച്ചടിയാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ജില്ലാ നേതൃത്വം പക്ഷപാതമായി പെരുമാറിയെന്ന വാദവും ഇതിനിടയില്‍ ഉയരുന്നുണ്ട്.
പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച് എതിര്‍വിഭാഗം അവിശ്വാസത്തില്‍ പങ്കെടുത്താല്‍ കൂറുമാറ്റ നിയമം ഇവരെ ബാധിക്കും എന്നതും കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളില്‍ തലവേദനയായി മാറിയിരിക്കുന്നു.
കാരോട് പഞ്ചായത്തിലെ നിലവിലെ കക്ഷിനില കോണ്‍ഗ്രസ് 10, കോണ്‍ഗ്രസ് വിമത ഒന്ന്, സിപിഎം അഞ്ച് ,സിപിഐ ഒന്ന് എന്നിങ്ങനെ 19 അംഗം അടങ്ങുന്നതാണ്.