യുഡിഎഫ് വിചാരണ സദസ് 20ന് ; നവകേരള സദസ് 22ന്
1376598
Friday, December 8, 2023 12:15 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നഗരസഭ പ്രദേശത്ത് 20 ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും 22 ന് മുഖ്യമന്ത്രി പിണറായി വിജയനും ജനങ്ങളെ അഭിസംബോധന ചെയ്യും. സംസ്ഥാനത്തിന്റെ ഭാവി വികസന സാധ്യതകളും കൈവരിച്ച നേട്ടങ്ങളും പൊതുജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുന്നതിനും ജനങ്ങളുമായി സംവദിക്കുന്നതിനുമായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ചിരിക്കുന്ന നവകേരള സദസുമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നെയ്യാറ്റിന്‍കരയില്‍ 22 ന് എത്തുന്നത്.
എന്നാൽ സര്‍ക്കാരിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും ദുര്‍ഭരണത്തിനുമെതിരെ യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി 20 ന് സംഘടിപ്പിക്കുന്ന വിചാരണ സദസ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് 20 ന് ഉദ്ഘാടനം ചെയ്യും.
നെയ്യാറ്റിന്‍കര നഗരസഭയില്‍ നിന്നും നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളായ അതിയന്നൂര്‍, ചെങ്കല്‍, തിരുപുറം, കാരോട്, കുളത്തൂര്‍ എന്നിവിടങ്ങളില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ നവകേരള സദസില്‍ എത്തിക്കാന്‍ ഊര്‍ജ്ജിതമായ നീക്കങ്ങള്‍ പുരോഗമിക്കുന്നു.
നഗരസഭയിലും പഞ്ചായത്ത് പ്രദേശങ്ങളിലും നവകേരള സദസിനു മുന്നോടിയായുള്ള വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കും രൂപം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് അഭിസംബോധന ചെയ്യുന്ന വിചാരണ സദസും ശ്രദ്ധേയമായ പരിപാടിയായി മാറ്റാനുള്ള പരിശ്രമത്തിലാണ് യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി.
നെയ്യാറ്റിന്‍കര ബസ് സ്റ്റാന്‍ഡ് ജംഗ്ഷനിലാണ് വിചാരണ സദസ് ഒരുക്കുന്നത്.മണ്ഡലത്തിലെ പ്രവര്‍ത്തകരെയും യുഡിഎഫ് അനുഭാവികളെയും യോഗത്തില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.