വീടിന്റെ മേൽക്കൂര ഷീറ്റ് മേയുന്നതിനിടയിൽ ഷോക്കേറ്റ് വെൽഡിംഗ് തൊഴിലാളി മരിച്ചു
1376480
Thursday, December 7, 2023 2:26 AM IST
വിഴിഞ്ഞം: വീടിന്റെ മേൽക്കൂര ഷീറ്റ് മേയുന്നതിനിടയിൽ ഷോക്കേറ്റ് രണ്ട് നില കെട്ടിടത്തിനു മുകളിൽ നിന്ന് താഴെ വീണ് വെൽഡിംഗ് തൊഴിലാളി മരിച്ചു. കരിംകുളം പുല്ലുവിള മദർ റോഡിൽ മരിയ ഭവനിൽ സജു (48) ആണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തോടെ വിഴിഞ്ഞം ചപ്പാത്ത് സ്വദേശി വാസവന്റെ വീട് പണിക്കിടെയാണ് അപകടം. ഏണിയിൽ നിന്ന് വെൽഡിംഗ് പണി നടത്തുന്നതിനിടയിൽ പണി ആയുധത്തിൽ നിന്ന് ഷോക്കേറ്റ സജു താഴേക്ക് പതിച്ചു.
മുറ്റത്ത് പാകിയിരുന്ന ടൈൽസിൽ തലയിടിച്ച് ഗുരുതരമായി പരിക്കേറ്റ സജുവിനെ ആംബുലൻസിൽ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജസീന്ത. സജിത, ഷോജി, ഗ്രേസ് മരിയ എന്നിവർ മക്കളാണ്. വിഴിഞ്ഞം പോലീസ് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് പുല്ലുവിള സെന്റ് ജേക്കബ്ബ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.