കോളജ് ബസിടിച്ച് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു
1376479
Thursday, December 7, 2023 2:26 AM IST
പോത്തൻകോട്: കാട്ടായിക്കോണം ജംഗ്ഷനിൽ റോഡ് മുറിച്ചു കടക്കവേ സ്വകാര്യ എൻജിനിയറിംഗ് കോളജിന്റെ ബസിടിച്ച് മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. അണ്ടൂർകോണം വാഴവിള ചിറവിളാകത്ത് വീട്ടിൽ സുധാകരൻ നായർ (71)ആണ് മരിച്ചത്.
ചൊവാഴ്ച വൈകുന്നേരം അഞ്ചിന് കാട്ടായിക്കോണത്ത് റോഡരികിൽ സൈക്കിൾ വച്ചിട്ട് എതിർവശത്തെ കടയിലേക്കു പോകാൻ റോഡ് മുറിച്ച് കടക്കുമ്പോൾ പോത്തൻകോട് ഭാഗത്തുനിന്നും വന്ന ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഉയർന്നുപൊങ്ങിയ സുധാകരൻ നായർ ബസിന്റെ മുന്നിലെ കണ്ണാടിയിൽ വീണ് കണ്ണാടി തകർന്നിരുന്നു. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഏഴ് മണിയോടെ മരിച്ചു.
പോത്തൻകോട് പോലീസ് കേസെടുത്ത് പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.കൂലിപ്പണിക്കാരനാണ് മരിച്ച സുധാകരൻ നായർ. ഭാര്യ: വിജയമ്മ. മക്കൾ: പ്രീത, പ്രമോദ് കുമാർ, പ്രശാന്ത്. മരുമക്കൾ : അനിൽകുമാർ,രമ്യ. സഞ്ചയനം ഞായറാഴ്ച 8.30ന്.